‘പമ്പയിൽ നിന്ന് ബസിൽ ആള് നിറഞ്ഞാൽ നിലയ്ക്കൽ സ്റ്റാൻഡിൽ കയറില്ല’; മകര വിളക്കിന് 800 ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ‘പമ്പയിൽ നിന്ന് ബസിൽ ആള് നിറഞ്ഞാൽ നിലയ്ക്കൽ സ്റ്റാൻഡിൽ കയറില്ല’; മകര വിളക്കിന് 800 ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ

പമ്പ: മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് 800 ബസുകൾ സംസ്ഥാനത്ത് ഉടനീളം സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചു. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നിലയ്ക്കൽ ബസ് സ്റ്റേഷനിൽ ഭക്തർക്ക് തിക്കും തിരക്കുമില്ലാതെ ബസ് യാത്ര നടത്തുന്നതിനായി നിർത്തിയിട്ടിരിക്കുന്ന ബസിൻ്റെ ഡോറിലൂടെ ഉള്ളിലേക്ക് കയറുന്നതിനായി നാല് ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

പമ്പയിൽ നിന്നും ആരംഭിക്കുന്ന ദീർഘദൂര ബസുകളിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ അവ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ കയറേണ്ടതില്ല. ബസിൽ ആളു നിറഞ്ഞിട്ടില്ലെങ്കിൽ ബസുകൾ നിർബന്ധമായും നിലയ്ക്കലിൽ കയറണം. നിലയ്ക്കലിലേക്ക് പോകുന്ന ഭക്തജനങ്ങൾ പരമാവധി ചെയിൻ സർവീസുകൾ ഉപയോഗപ്പെടുത്തണം. ഇവ ജനങ്ങളിൽ എത്തിക്കുന്നതിന് വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കും. അനൗൺസ്മെണ്ട് സൗകര്യവും ഒരുക്കുമെന്നും ഗണേഷ് കുമാർ അറിയിച്ചു.

എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ തിരക്കുകളിൽ പിടിച്ചിടുവാൻ പാടുള്ളതല്ല. ബസ് വന്നെങ്കിൽ മാത്രമേ തിരക്കു നിയന്ത്രിക്കാനാവൂ. അത്തരം സാഹചര്യമുണ്ടായാൽ പോലീസ് മോട്ടോർ വാഹന വകുപ്പിൻ്റെ സഹായത്തോടെ വാഹനം പോകുന്നതിന് അവസരമൊരുക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കും, ദീർഘദൂര ബസുകളിലെ ഡ്രൈവർമാർക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇലവുങ്കൽ സേഫ് സോൺ, നിലയ്ക്കൽ, പമ്പ കെ. എസ്.ആർ.ടി.സി ബസ് സ്റ്റാണ്ട് എന്നിവിടങ്ങളിൽ മന്ത്രി സന്ദർശനം നടത്തി.

എം.എൽ.എമാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ.കെ.യു ജനീഷ് കുമാർ, ട്രാൻസ്പോർട്ട് കമീഷണർ എസ്. ശ്രീജിത്ത് ഐ.പി.എസ്, ഡി.ഐ.ജി തോംസൺ ജോസ്, അസിസ്റ്റണ്ട് ട്രാൻസ്പോർട്ട് കമീഷണർ പി.എസ് പ്രമേജ് ശങ്കർ ഐ.ഒ.എഫ്.എസ് കെ.എസ്.ആർ.ടി.സി യെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻ ജി.പി പ്രദീപ് കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് ജി.അനിൽകുമാർ, പമ്പ സ്പെഷ്യൽ ഓഫീസർ സുനിൽകുമാർ ജില്ലാ കളക്ടർ എ.ഷിബു, ജില്ലാ പോലീസ് മേധാവി വി.അജിത്ത്, ശബരിമല എ.ഡി.എം തുടങ്ങിയവർ പങ്കെടുത്തു.

0Shares