കാസർകോട്: 66- മത് സംസ്ഥാന പുരുഷ വിഭാഗം സീനിയർ കബഡി ചാമ്പിയൻഷിപ്പിന് ഒരുക്കം പൂർത്തിയായി. 22, 23, 24 തീയതികളിൽ കുറ്റിക്കോലിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ് ലൈറ്റ് കോർട്ടിലാണ് മത്സരം. 3000 പേർക്ക് ഇരുന്ന് മത്സരം കാണാനുള്ള ഗ്യാലറി സൗകര്യവും തയ്യാറായി. പതിനാല് ജില്ലാ ടീമുകളിൽ നിന്നായി ഇരുന്നൂറോളം കായിക താരങ്ങൾ പങ്കെടുക്കും. സംസ്ഥാന കബഡി അസോസിയേഷൻ കുറ്റിക്കോൽ നെരൂദ ഗ്രന്ഥാലയവുമായി ചേർന്നാണ് ചാമ്പിയൻ ഷിപ്പ് നടത്തുന്നത്. 22 ന് വൈകുന്നേരം 6 മണിക്ക് കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡണ്ട് പി. ജെ ലിസിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി ചെയർമാനും എം.എൽ.എയുമായ കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും.
ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സി.രാമചന്ദ്രൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് എൻ.എ സുലൈമാൻ, സംസ്ഥാന കബഡി അസോസിയേഷൻ പ്രസിഡണ്ട് സുധീർ കുമാർ, തുളുനാട് കബഡി അക്കാദമി ചെയർമാൻ സി.ജി മാത്യു, എന്നിവർ സംബന്ധിക്കും. 24 ന് രാത്രി ജില്ലാ കളക്ടർ ഡോ.ഡി.സജിത്ത് ബാബു സമ്മാനദാനം നിർവഹിക്കും. ഈ മാസം അവസാനം മഹാരാഷ്ട്രയിൽ നടക്കുന്ന ദേശീയ കബഡി ചാമ്പിയൻഷിപ്പിലേക്കുള്ള കേരളടീമിനെ ടൂർണ്ണമെന്റിൽ തെരഞ്ഞെടുക്കും.