സാലറി അക്കൗണ്ടില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റണ്ട് തൊട്ടിട്ടില്ല ; സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 500 മുതല്‍ മുകളിലോട്ട്, കൈക്കൂലിയായി കുടംപുളിയും തേനും റെഡിമെയ്‌ഡ്‌ ഷര്‍ട്ടുകളും, പ്രതി റിമാണ്ടിൽ

You are currently viewing സാലറി അക്കൗണ്ടില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റണ്ട് തൊട്ടിട്ടില്ല ; സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 500 മുതല്‍ മുകളിലോട്ട്, കൈക്കൂലിയായി കുടംപുളിയും തേനും റെഡിമെയ്‌ഡ്‌ ഷര്‍ട്ടുകളും, പ്രതി റിമാണ്ടിൽ

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റണ്ട് എല്ലാ സര്‍ട്ടിഫിക്കറ്റിനും കൈക്കൂലി പറ്റിയിരുന്നതായും 500 മുതല്‍ മുകളിലോട്ടുള്ള തുകയായിരുന്നു ഇയാള്‍ ഓരോ ഇടപാടിനും വാങ്ങിയിരുന്നതെന്നും റിപ്പോര്‍ട്ട്. തിരുവനന്തപുരം സ്വദേശിയായ വി.സുരേഷ്‌കുമാറിനെ കൈക്കൂലി കേസില്‍ ബുധനാഴ്‌ച രാവിലെ തൃശൂരിലുള്ള വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി, പ്രതി റിമാണ്ടിൽ.

വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി എത്തുന്നവരില്‍ നിന്നും പണമായും വസ്തുവകകളായും വരെ ഇയാള്‍ കൈക്കൂലി പറ്റിയിരുന്നു. വീട്ടില്‍ നിന്നും ഒരു ചാക്കില്‍ കുടംപുളിയും പല കുപ്പികളിലായി തേനും പൊട്ടിക്കാത്ത പായ്ക്കറ്റുകളിലായി റെഡിമെയ്‌ഡ്‌ ഷര്‍ട്ടുകളും മുണ്ടുകളും വരെ താമസസ്ഥലത്ത് നിന്നും കണ്ടെത്തി. നടത്തിയ എല്ലാ ഇടപാടുകള്‍ക്കും ഇയാള്‍ കൈക്കൂലി ആവശ്യപ്പെടുമായിരുന്നു എന്നാണ് വിവരം.

ഇയാളുടെ ശമ്പളം വന്നിരുന്ന അക്കൗണ്ടില്‍ നിന്നും കണ്ടെത്തിയത് 25 ലക്ഷം രൂപയാണ്. നാലഞ്ചു വര്‍ഷമായി ഈ പണത്തില്‍ ഇയാള്‍ തൊടുക പോലും ചെയ്‌തിട്ടില്ലെന്നാണ് വിവരം. 10 വര്‍ഷമായി വാടകയ്ക്ക് ഒരു മുറിയിലാണ് താമസിക്കുന്നത്. മണ്ണാര്‍കാട്ടെ വീട്ടില്‍ കാര്‍ഡ്‌ ബോര്‍ഡ് പെട്ടിയിലും പ്ലാസ്റ്റിക് കൂടുകളിലുമായി പണം സൂക്ഷിച്ചിരുന്നു. കണ്ടെത്തിയ നോട്ട് വര്‍ഷങ്ങളുടെ പഴക്കമുള്ളതായിരുന്നു.

പൊടിയും പൂപ്പലും പിടിച്ച നിലയിലായിരുന്നു. 17 കിലോയോളം വരുന്ന നാണയം എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 9000ത്തോളം രൂപയുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് സംശയം ഉണ്ടാക്കാതിരിക്കാന്‍ പലപ്പോഴും മുറി പോലും പൂട്ടാതെയാണ് ഇയാള്‍ പുറത്ത് പോയിരുന്നതും. ഒരു മാസമായി ഇയാള്‍ വിജിലന്‍സിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ചോദ്യം ചെയ്യും.

ഇയാളുടെ വരുമാന സ്രോതസ് അറിയുകയാണ് ആദ്യലക്ഷം. കൈക്കൂലി ഇടപാടില്‍ ഇയാള്‍ക്ക് കൂട്ടുണ്ടോ? തുക വിനിയോഗിച്ചിരുന്നത് എങ്ങിനെ? ബിനാമിയുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണ വിധേയമാക്കും. അവിവാഹിതനായ സുരേഷ്‌കുമാര്‍ വീടു വെയ്ക്കാനായി സ്വരുക്കൂട്ടിയതാണ് പണമെന്നാണ് നല്‍കിയിട്ടുള്ള മൊഴി. സുരേഷ്‌കുമാറിന് മാതാപിതാക്കളുമില്ല സ്വന്തമായി വീടുമില്ല. ഏക സഹോദരി മാത്രമാണ് ഉള്ളത്. 35, 70,000 രൂപയാണ് ഇയാളുടെ താമസ സ്ഥലത്ത് നിന്നും കണ്ടെത്തിയത്.

കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റണ്ട് സുരേഷ് കുമാർ പാലക്കയത്ത് എത്തിയത് വെറും മൂന്ന് വർഷം മുമ്പ്. അറസ്റ്റിലായതോടെ വില്ലേജ് അസിസ്റ്റനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. നേരത്തെയും ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നു. കൈക്കൂലി പ്രശ്നം രൂക്ഷമായതോടെ നാട്ടുകാർ പ്രതിഷേധം വരെ നട‌ത്തി. എന്നാൽ, സുരേഷ് കൈക്കൂലി വാങ്ങുന്നത് തുടർന്നു.

Image Courtesy: The New Indian Express

സുരേഷ് കുമാർ കൈക്കൂലി കണക്കുപറഞ്ഞു വാങ്ങിയിരുന്നു. പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും. പലരിൽ നിന്നും കൈപറ്റിയത് 500 മുതൽ 10,000 രൂപ വരെ കൈപ്പറ്റി. പണമില്ലെങ്കിൽ സാധനങ്ങളും സ്വീകരിക്കും. ഇയാളുടെ ശല്യം സഹിക്ക വയ്യാതെ നാട്ടുകാർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു.

മണ്ണാര്‍ക്കാട് താലൂക്ക് തല അദാലത്ത് നടക്കുന്ന സ്ഥലത്ത് വച്ച്‌ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. മണ്ണാര്‍ക്കാട്ടെ വീട്ടില്‍ നിന്ന് 35 ലക്ഷം രൂപയും 14 കിലോ നാണയങ്ങളും വിവിധ ബാങ്കുകളില്‍ നിക്ഷേപമായി 45 ലക്ഷം രൂപയും കണ്ടെത്തി. ഇയാള്‍ക്കെതിരെ വിജിലന്‍സ് ആസ്ഥാനത്ത് രഹസ്യ വിവരവും പരാതിയും ലഭിച്ചിരുന്നു. വിജിലന്‍സ് സംഘത്തില്‍ ഡി.വെ.എസ്.പിക്ക് പുറമേ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ഫിലിപ്പ്, ഫറൂഖ്, എസ്.ഐമാരായ സുരേന്ദ്രന്‍, മനോജ്, പോലീസുകാരായ മനോജ്, സതീഷ്, സനേഷ്, സന്തോഷ്, ബാലകൃഷ്ണന്‍, മനോജ്, ഉവൈസ് എന്നിവരും ഉണ്ടായിരുന്നു.

0Shares