കാസർകോട് കസബ കടപ്പുറത്തെ മത്സ്യബന്ധന വിപുലീകരണത്തിന് 50 കോടിയുടെ പദ്ധതി: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് കസബ കടപ്പുറത്തെ മത്സ്യബന്ധന  വിപുലീകരണത്തിന് 50 കോടിയുടെ പദ്ധതി: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്: കസബ കടപ്പുറത്തെ മത്സ്യബന്ധന വിപുലീകരണത്തിന് പി.എം.എം.എസ്. വൈ (പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന ) പദ്ധതിയിൽ ഉൾപ്പെടുത്തി 50 കോടി രൂപയുടെ അംഗീകാരം ലഭിച്ചതായി എൻ.എ.നെല്ലിക്കുന്ന്, എം.എൽ.എ അറിയിച്ചു. ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി ആർ.കെ.വി.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങൾക്ക് മുമ്പാണ്
മത്സ്യബന്ധന തുറമുഖത്തിൻ്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്.

നിർമ്മാണ പ്രവൃത്തി സംബന്ധിച്ച് മത്സ്യതൊഴിലാളികൾ ബുദ്ധിമുട്ടുകൾ പങ്കുവെച്ചതിനെ തുടർന്ന്
എം.എൽ.എ ഇടപെട്ട് പുതുക്കിയ മാതൃകാ പഠനം നടത്തി എഞ്ചിനീറിംഗ് വകുപ്പ് വിശദമായ രൂപരേഖ തയ്യാറാക്കി പി.എം.എം.എസ്.വൈ പദ്ധതിയിൽ അംഗീകാരം ലഭ്യമാക്കുന്നതിനായി സർക്കാരിന് സമർക്കുകയായിരുന്നു.

കേന്ദ്ര ഫിഷറീസ് പ്രതിനിധികൾ, സി.ഐ.സി. ഇ.എഫ് പ്രതിനിധികൾ, എൻ.എഫ്.ഡി.ബി ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന ഫിഷറീസ് ഇൻഫ്രാസ്ട്രക്ച്ചർ പ്രൊജക്ടിനുള്ള ടെക്നിക്കൽ സക്രൂട്ടിണി കമ്മിറ്റി ഈ മാസം 26 ന് രൂപരേഖ വിശദമായി പരിശോധിച്ച് 50 കോടി രൂപയുടെ പദ്ധതിക്ക് 60 ശതമാനം കേന്ദ്ര സഹായത്തോടെ അംഗീകാരം നൽകാൻ തീരുമാനിച്ചു.

രണ്ട് വർഷം എടുത്ത് പൂർത്തീകരിക്കാനിരിക്കുന്ന പദ്ധതിയിൽ വടക്കേ പുലിമുട്ട്, തെക്കേ പുലിമുട്ട് എന്നിവ യഥാക്രമം 380 മീറ്റർ, 200 മീറ്റർ നീളം വർധിപ്പിക്കൽ, വർക്ക് ഷാപ്പ്, ഗിയർ ഷെഡ്, റസ്റ്റ്ഹൗസ്, ക്യാൻറീൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, ഇ.ടി.പി, വൈദ്യുതീകരണം, നാവിഗേഷൻ സംവിധാനം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഹോസ്ദുർഗ്, അജാനൂർ, പള്ളിക്കര, കോട്ടിക്കുളം, കീഴൂർ, കസബ, കാവുഗോളി, കോയിപ്പാടി എന്നീ ഗ്രാമങ്ങളിലെ മത്സ്യതൊഴിലാളികൾക്ക് ഏത് കാലാവസ്ഥയിലും സുരക്ഷിതമായി മത്സ്യ ബന്ധനത്തിൽ ഏർപ്പെടാനുള്ള സൗകര്യം ലഭിക്കും.

ശുചിത്വമേറിയ പരിസരത്തുള്ള മത്സ്യ വിപണനം സാധ്യമാകുന്നതോടെ മത്സ്യങ്ങൾക്ക് കൂടുതൽ വില ലഭിക്കും. ഏകദേശം നൂറോളം യന്ത്രവത്കൃത ബോട്ടുകൾക്കും നിരവധി വള്ളങ്ങൾക്കും മത്സ്യ ബന്ധനം നടത്തി വിപണനം നടത്താനുള്ള സൗകര്യം ലഭ്യമാകും. പദ്ധതി പൂർത്തിയാകുന്നതോടെ മത്സ്യബന്ധന തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർധിക്കുമെന്നും അതിലൂടെ മത്സ്യതൊഴിലാളികളുടെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും എം.എൽ.എ പറഞ്ഞു.

0Shares