ബസ് അപകടത്തിൽ 45 പേരുടെ ജീവൻ പൊലിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് എട്ട് വയസുകാരി, തീർത്ഥാടകരുമായി പുറപ്പെട്ട ബസ് അപകടത്തില്‍ കത്തികരിഞ്ഞു

  • Post category:international / news
  • Reading time:1 min read
You are currently viewing ബസ് അപകടത്തിൽ 45 പേരുടെ ജീവൻ പൊലിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് എട്ട് വയസുകാരി, തീർത്ഥാടകരുമായി പുറപ്പെട്ട ബസ് അപകടത്തില്‍ കത്തികരിഞ്ഞു

ജോഹന്നസ്ബർഗ്: 45 പേരുടെ ജീവനെടുത്ത ബസ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് എട്ട് വയസുകാരി. ദക്ഷിണാഫ്രിക്കയിൽ ആണ് സംഭവം.മോറിയ നഗരത്തിലെ ഈസ്റ്റർ പരിപാടിയില്‍ പങ്കെടുക്കാൻ അയല്‍രാജ്യമായ ബോട്‌സ്വാനയുടെ തലസ്ഥാനമായ ഗാബറോണിയില്‍ നിന്ന് തീർത്ഥാടകരുമായി പുറപ്പെട്ട ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

വ്യാഴാഴ്‌ച വടക്കു- കിഴക്കൻ ലിംപോപോ പ്രവിശ്യയില്‍ മോക്കോപേൻ, മാർക്കൻ പട്ടണങ്ങള്‍ക്കിടെയിൽ ഉള്ള പാലത്തിലൂടെ സഞ്ചരിക്കവെ നിയന്ത്രണം തെറ്റിയ ബസ് 165 അടി താഴ്‌ചയിലുള്ള കൊക്കയിലേക്ക് പതിച്ചു. പാലത്തിൻ്റെ ബാരിയർ തകർത്ത് താഴേക്ക് വീണ ബസില്‍ തീപിടിത്തവുമുണ്ടായി.

ഒമ്പതെണ്ണം ഒഴികെ ബാക്കി മൃതദേഹങ്ങളെല്ലാം തിരിച്ചറിയാൻ കഴിയാത്ത വിധമാണെന്ന് അധികൃതർ പറയുന്നു. രക്ഷപ്പെട്ട പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റെങ്കിലും നില തൃപ്‌തികരമാണ്. ബസ് താഴേക്ക് മറിയുന്നതിനിടെ പെണ്‍കുട്ടി ജനാലയിലൂടെ പുറത്തേക്ക് തെറിച്ചു വീണതിനാലാണ് ജീവൻ തിരികെ കിട്ടിയതെന്ന് കരുതുന്നു. ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ഭരണകൂടം പ്രതികരിച്ചു.

0Shares