കാസര്‍കോട്: 22 ാമത് സി.പി.എം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നടന്ന കാസര്‍കോട് ജില്ലാസമ്മേളനത്തില്‍ ഐക്യകണ്‌ഠേനെ എം.വി ബാലകൃഷ്ണന്‍ മാസ്റ്ററെ ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തു. തെക്കന്‍ ലോബിയുടെ ഇടപടല്‍കാരണമാണ് എം.വിക്ക് സ്ഥാനം നേടാന്‍ കഴിഞ്ഞതെന്നും ആരോപണമുണ്ട്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി തെക്കന്‍ ലോബിയുള്ളവരാണ് പാര്‍ടിയെ നയിച്ചിരുന്നത്. നേരത്തെ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പി രാഘവന്റെയും സി.എച്ച് കുഞ്ഞമ്പുവിന്റെയും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും അവസാന റൗണ്ടില്‍ തഴയപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി സി.എച്ചിനെ വീണ്ടും പരിഗണിച്ചെങ്കിലും സി.എച്ചിന്റെ ഭാര്യ എം സുമതിക്ക് ജില്ലാകമ്മറ്റിയില്‍ അംഗത്വം നല്‍കി സമവായത്തിലെത്തുകയായിരുന്നു. അതേ സമയം ജില്ലാകമ്മറ്റിയില്‍ നിന്ന് അഞ്ചുപേരെ ഒഴിവാക്കി. പ്രായാധിക്യത്തിന്റെ പേരില്‍ സ്വമേധയാ പിന്‍മാറിയതെന്നാണ് ജില്ലാ നേതൃത്വം നല്‍കുന്ന വിശദീകരണം. എ.കെ.നാരായണന്‍, എം.പി. കോമന്‍ നമ്പ്യാര്‍, പി.കോരന്‍, കെ.പി. നാരായണന്‍, വി.പി. ജാനകി എന്നിവരെയാണ് ജില്ലാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
എന്നാല്‍ വി.പി ജാനകിയെ ഒഴിവാക്കിയത് പാര്‍ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാത്തതിന്റെ പേരിലാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഇ.കുഞ്ഞിരാമന്‍, സി.ബാലന്‍, ബേബി ബാലകൃഷ്ണന്‍, ഒക്ലാവ് കൃഷ്ണന്‍, എം ശങ്കര്‍ റായ്, എം.സുമതി, സി.ജെ.സജിത് എന്നിവരാണ് പുതുതായി ജില്ലാകമ്മറ്റിയിലുള്‍പെടുത്തിയ അംഗങ്ങള്‍. ഇക്കുറി മൂന്നില്‍നിന്ന് നാലായി സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ട്. പട്ടിക ജാതിയില്‍നിന്ന് ഒരാളും മുസ്ലീം ന്യൂനപക്ഷത്തുനിന്ന് ഒരാളും ജില്ലാകമ്മറ്റിയിലെത്തിയിട്ടുണ്ട്. എന്നാല്‍ വടക്കന്‍ മേഖകളില്‍നിന്നുള്ള പ്രാതിനിധ്യം ഇക്കുറിയും പരിഗണിച്ചില്ല. 263 പ്രതിനിധികളാണ് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് നിയുക്ത ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 23 പേരെ സംസ്ഥാന സമ്മേളന പ്രതിനിധികളായും തിരെഞ്ഞെടുത്തിട്ടുണ്ട്. പാര്‍ടിയുടെ ദൗബല്യം പരിഹരിച്ച് കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്ന് മാസ്റ്റര്‍ പറഞ്ഞു. സ്ഥാനമൊഴിയുന്ന കെ.പി സതീഷ് ചന്ദ്രനെ കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനാക്കാനും പാര്‍ടി തീരുമാനമായതായി സൂചനയുണ്ട്.
35 അംഗ സി.പി.എം കാസര്‍കോട് ജില്ലാകമ്മറ്റിയില്‍ വി.പി ജാനകിയടക്കം അഞ്ചുപേരെ ഒഴിവാക്കി; സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിച്ചു