ഒരു ക്യാമറയ്ക്ക് 33 ലക്ഷം രൂപയെന്നത് അവിശ്വസനീയം; എ.ഐ ക്യാമറയിൽ സർക്കാർ വിശദമായ കണക്ക് പുറത്തുവിടണമെന്ന് വി. ഡി സതീശൻ

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing ഒരു ക്യാമറയ്ക്ക് 33 ലക്ഷം രൂപയെന്നത് അവിശ്വസനീയം; എ.ഐ ക്യാമറയിൽ സർക്കാർ വിശദമായ കണക്ക് പുറത്തുവിടണമെന്ന് വി. ഡി സതീശൻ

എ. ഐ ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ഒരു ക്യാമറയ്ക്ക് 33 ലക്ഷം രൂപയെന്നത് അവിശ്വസനീയമാണെന്നും എ. ഐ ക്യാമറ സംബന്ധിച്ച ദുരൂഹതകൾ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ സംസ്ഥാനത്തെ വിവിധ റോഡുകളിൽ എ.ഐ കാമറകൾ സ്ഥാപിച്ചത് സംബന്ധിച്ച് നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് പൊതുജനങ്ങൾക്കിടയിലുള്ളത്.

236 കോടി രൂപ ചെലവഴിച്ച് 726 കാമറകൾ സ്ഥാപിച്ചെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു കാമറക്ക് മുടക്കിയെന്നത് അവിശ്വസനീയമാണ്. കാമറകളുടെ യഥാർഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടി വന്ന ചെലവും ഉൾപ്പെടെ വിശദമായ കണക്ക് പുറത്ത് വിടാൻ സർക്കാരിന് ബാധ്യതയുണ്ട്.

രാജ്യത്ത് നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ കറൻസിയിൽ അതിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന തരത്തിലുള്ള കെട്ടുകഥകൾ സംഘപരിവാർ സംഘടനകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. അതിന് സമാനമായതും അതിശയോക്തിപരവും അവിശ്വസനീയവുമായ വിവരങ്ങളാണ് എ.ഐ ക്യാമറയെ സംബന്ധിച്ച് സർക്കാരും ഗതാഗത വകുപ്പും പൊലീസും പൊതുസമൂഹത്തിന് നൽകുന്നത്.

പൊതുഖജനാവിൽ നിന്നും ഇത്രയും വലിയ തുക ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകൾ എ.ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ളവർ പരസ്യമയി പ്രകടിപ്പിച്ചതും ഏറെ ഗൗരവതരമാണ്. ദൃശ്യങ്ങൾ പകർത്തുന്നു എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകതകൾ ഈ ക്യാമറകൾക്ക് ഉണ്ടോയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്താനുള്ള ബാധ്യതയും സർക്കാരിനുണ്ട്.

ക്യാമറയിൽ പതിയുന്ന നിയമലംഘനത്തിൻ്റെ ദൃശ്യങ്ങൾ നിശ്ചിത കാലത്തേക്കെങ്കിലും സൂക്ഷിച്ച് വക്കേണ്ടതുണ്ട്. എന്നാൽ ഇതിനായി ഏത് സെർവറാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ആരാണ് സെർവർ പ്രൊവൈഡർ എന്നതും പരസ്യപ്പെടുത്തണം.

ഇത്തരത്തിൽ ദൃശ്യങ്ങൾ സൂക്ഷിക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാൻ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കണം. അടുത്തഘട്ടത്തിൽ വാഹന ഉടമയുടെ ഫാസ് ടാഗുമായി ബന്ധപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിന്നും നിയമലംഘനത്തിനുള്ള പിഴ ഈടാക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നാണ് പറയുന്നത്. അനുമതി ഇല്ലാതെ ഒരാളുടെ അക്കൗണ്ടിൽ നിന്നും എങ്ങനെയാണ് ഇത്തരത്തിൽ പണം പിൻവലിക്കുന്നത്? ഇതിന് റിസർവ് ബാങ്കിൻ്റെ അനുമതി വാങ്ങിയിട്ടുണ്ടോ? ഏത് നിയമത്തിൻ്റെ പിൻബലത്തിലാണിത്?

പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെയാണ് ക്യാമറകൾ സ്ഥാപിക്കുന്നതിനായി സർക്കാർ ചുമതലപ്പെടുത്തിയത്. എന്നാൽ കാമറകൾ വാങ്ങാനും സ്ഥാപിക്കാനും സാങ്കേതിക സഹായത്തിനുമായി കെൽട്രോൺ ഉപകരാറുകൾ നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെ കമ്പനികൾക്കാണ്? അതിൽ വിദേശ കമ്പനികൾ ഉൾപ്പെട്ടിട്ടുണ്ടോ? എത്ര രൂപക്കാണ് ഇത്തരത്തിൽ ഉപകരാറുകൾ നൽകിയത്? പേറ്റന്റ് പ്രകാരമുള്ളതാണോ കാമറകളിൽ ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന എ.ഐ സാങ്കേതിക വിദ്യ? ഇങ്ങനെ എ.ഐ കാമറയും അതുമായി ബന്ധപ്പെട്ട ഇടപാടുകളും സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും സർക്കാർ മറുപടി നൽകണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

0Shares