
ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സി.ബി.സി.ഐ.ഡി അന്വേഷണം ആരംഭിച്ചു.
വ്യാജമദ്യം വിറ്റയാള്‍ ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. വ്യാജമദ്യം വിറ്റെന്ന് കരുതുന്ന ഗോവിന്ദരാജില്‍ നിന്നും 200 ലിറ്റർ മദ്യം കണ്ടെടുത്തു. പിടിച്ചെടുത്ത മദ്യത്തില്‍ മെഥനോളിൻ്റെ അംശം സ്ഥിരീകരിച്ചതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. ചെന്നൈയില്‍ നിന്ന് 250 കിലോമീറ്റർ അകലെ, കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള കരുണാപുരത്താണ് മദ്യദുരന്തം ഉണ്ടായത്.
ചൊവ്വാഴ്‌ച രാത്രിയും ബുധനാഴ്‌ച പകലുമായി വ്യാജമദ്യ വില്‍പ്പനക്കാരില്‍ നിന്ന് പാക്കറ്റ് ചാരായം വാങ്ങിക്കഴിച്ച കൂലിവേല ചെയ്യൂന്നവരാണ് ദുരന്തത്തിന് ഇരയായത്.

ചൊവ്വാഴ്‌ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ചിലർക്ക് തലകറക്കം, തലവേദന, ഛർദി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടുകയും നാല് പേർ മരിക്കുകയുംചെയ്‌തതോടെ ആണ് സംഭവം പുറത്തറിയുന്നത്.
ബുധനാഴ്‌ച കൂടുതല്‍പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി. വിദഗ്‌ധ ചികിത്സ വേണ്ടവരെ പുതുച്ചേരി ജിപ്‌മർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം മാറ്റി. ജില്ലാ പൊലീസ് സൂപ്രണ്ട് സമയ് സിങ് മീണയെയും മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥരെയും സസ്‌പെണ്ട് ചെയ്‌തു. കുറ്റക്കാർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.
