
കാസർകോട്: സംസ്ഥാന പൊതുസ്ഥലം മാറ്റ ഉത്തരവിന് പിന്നാലെ ജില്ലാതല സ്ഥലം മാറ്റ ഉത്തരവും ഇറങ്ങി. ഇതോടെ കാസർകോട് നഗരസഭയിൽ നിന്നും 26 ജീവനക്കാർ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ഥലം മാറിപ്പോകും. പകരം കാസർകോട് നഗരസഭയിലേക്ക് ഉത്തരവിലൂടെ വരുന്നത് 15 പേർ മാത്രമാണ്. നേരത്തെ 19 ജീവനക്കാരെ സംസ്ഥാന പൊതുസ്ഥലം മാറ്റത്തിലൂടെ കാസർകോട് നഗരസഭയിൽ നിന്നും സ്ഥലം മാറ്റിയിരുന്നു.
പകരം നിയമിച്ചവരിൽ രണ്ട് അസിസ്റ്റണ്ട് എഞ്ചിനീയർമാർ ഇതുവരെ കാസർകോട് നഗരസഭയിൽ ചുമതല ഏറ്റെടുത്തിട്ടില്ല. അതിൽ സ്ഥലംമാറി വന്ന ഓവർസിയർക്ക് അസിസ്റ്റണ്ട് എഞ്ചിനീയറുടെ ചുമതല നൽകിയിരിക്കുകയാണ്.

നിലവിൽ നഗരസഭയിൽ സെക്രട്ടറി, പി.എ ടു സെക്രട്ടറി തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. കൂടാതെ ആറ് സീനിയർ ക്ലർക്കുമാരുടെ ഒഴിവും നികത്തിയിട്ടില്ല. നിലവിൽ മുനിസിപ്പൽ എഞ്ചിനീയർക്കാണ് സെക്രട്ടറിയുടെ ചുമതല. കൂടാതെ സ്ഥലം മാറ്റ ലിസ്റ്റിൽ ഉൾപ്പെട്ട റവന്യൂ ഇൻസ്പെക്ടർക്ക് പകരവും ആളെ നിയമിച്ചിട്ടില്ല.
ജില്ലാതല ലിസ്റ്റിൽ സ്ഥലം മാറ്റം ലഭിച്ച 11 എൽ.ഡി ക്ലർക്കുമാർക്ക് പകരം ഏഴ് പേരെയും, ഏഴ് ഓഫീസ് അറ്റണ്ടുമാർക്ക് പകരം മൂന്ന് പേരെയും, മൂന്ന് ടൈപ്പിസ്റ്റിന് പകരം രണ്ട് പേരെയും, രണ്ട് ഭാഷാ ന്യൂനപക്ഷ വിഭാഗം ജീവനക്കാർക്ക് പകരം ഒരാളെയുമാണ് കാസർകോട് നഗരസഭയിൽ നിയമിച്ചത്. എന്നാൽ സ്ഥലം മാറ്റിയ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ടിന് പകരവും പകരവും ആളെ നിയമിച്ചിട്ടില്ല.
നിലവിൽ തന്നെ ജീവനക്കാരുടെ ക്ഷാമം മൂലം ഓഫീസ് പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. അതിലേക്കാണ് ഇരുട്ടടി എന്നോണം 26 ജീവനക്കാരെ കൂടി സ്ഥലം മാറ്റുന്നത്.
