രണ്ടാംഘട്ട റെയ്‌ഡ്‌; കസ്റ്റഡിയിലായത് 240 പി.എഫ്‌.ഐ പ്രവര്‍ത്തകര്‍, ഡല്‍ഹിയില്‍ കര്‍ഫ്യൂ, ക്രമസമാധാനത്തിന് അര്‍ദ്ധ സൈനിക സേന

  • Post category:national / news
  • Reading time:1 min read
You are currently viewing രണ്ടാംഘട്ട റെയ്‌ഡ്‌; കസ്റ്റഡിയിലായത് 240 പി.എഫ്‌.ഐ പ്രവര്‍ത്തകര്‍, ഡല്‍ഹിയില്‍ കര്‍ഫ്യൂ, ക്രമസമാധാനത്തിന് അര്‍ദ്ധ സൈനിക സേന

ന്യുഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന രണ്ടാംഘട്ട റെയ്‌ഡിൽ 240 പേര്‍ പിടിയില്‍. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, അസം, ഡല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളില്‍ നടന്ന റെയ്‌ഡിലാണ് പ്രവര്‍ത്തകര്‍ പിടിയിലായത്. ഡല്‍ഹിയില്‍ ഷഹീന്‍ബാഗ്, നിസാമുദ്ദീന്‍, രോഹിണി എന്നിവിടങ്ങളിലാണ് റെയ്‌ഡ്‌ നടന്നത്.

ഡല്‍ഹിയില്‍ മാത്രം 30 പി.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയിലായി. ഇവിടങ്ങളില്‍ സംഘം ചേരുന്നതിനും പ്രകടനത്തിനും അടക്കം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിന് അര്‍ദ്ധ സൈനിക സേനയുടെ സേവനം തേടിയിട്ടുണ്ട്.

റെയ്‌ഡിൻ്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഓക്‌ല, ജാമിയ നഗര്‍ എന്നിവിങ്ങളിലുമാണ് നിരോധനാജ്ഞ. നവംബര്‍ 17വരെയാണ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

സമാധാനം തകര്‍ക്കുന്ന ചില ശ്രമങ്ങള്‍ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 19 മുതല്‍ ജാമിയ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.

ഉത്തരവ് പ്രകാരം ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിലും പുറത്തും വിദ്യാര്‍ത്ഥികളോ അധ്യാപകരോ അനധ്യാപകരോ ഏതെങ്കിലൂം ഗ്രൂപ്പിൻ്റെയോ പ്രകടനത്തിലോ പ്രതിഷേധത്തിലോ യോഗത്തിയോ പങ്കെടുക്കാന്‍ പാടില്ലെന്ന് യൂണിവേഴ്‌സിറ്റി നിര്‍ദേശം നല്‍കി. തിങ്കളാഴ്‌ച ജാമിയയില്‍ അധ്യാപകര്‍ സമാധാനപരമായി പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് നോട്ടീസ്.

0Shares