
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഗോരഖ്പുര്‍ ദുരന്തത്തില്‍ ഖേദം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നിര്‍ദോഷികളായ കുഞ്ഞുങ്ങള്‍ ഒരാശുപത്രിയില്‍ മരിച്ചിരുന്നു. ഗോരഖ്പുരിലുണ്ടായ ആ ദുരന്തം അതീവ ദുഖകരമാണ്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പമാണ് രാജ്യമെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ എല്ലാവര്‍ക്കും ആദരമര്‍പ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാവര്‍ക്കും തുല്യ അവസരമുള്ള നവഭാരതമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് രാജ്യത്തെ കൊണ്ടുപോകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും ഈ രാജ്യത്ത് തുല്യരാണ്. ആരും വലുതോ ചെറുതോ അല്ല. നമുക്കൊരുമിച്ച് രാജ്യത്തിന് പുതിയ ഊര്‍ജം പകരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ജനുവരി 1 എന്നത് സാധാരണ ദിനമായിരിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, കശ്മീരില്‍ സമാധാനം പുലരണമെന്നും ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടണെന്നും പറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനികള്‍ സ്വപ്‌നം കണ്ട ഇന്ത്യ 2022 ല്‍ സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
