2000 രൂപയുടെ കളര്‍പ്രിന്റ് നോട്ടുമായി തട്ടിപ്പ്; ഉദുമ സ്വദേശിയായ വ്യാപാരിയെ കോടതിയില്‍ ഹാജരാക്കി

  • Post category:news
  • Reading time:1 min read
You are currently viewing 2000 രൂപയുടെ കളര്‍പ്രിന്റ് നോട്ടുമായി തട്ടിപ്പ്; ഉദുമ സ്വദേശിയായ വ്യാപാരിയെ കോടതിയില്‍ ഹാജരാക്കി

കാസര്‍കോട്: നഗരത്തിലെ മാര്‍ക്കറ്റില്‍ മത്സ്യം വാങ്ങി പകരം കള്ളനോട്ടുകള്‍ നല്‍കിയ സംഭവത്തില്‍ പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി. ഉദുമ സ്വദേശിയും വ്യാപാരിയുമായ അബൂബക്കര്‍ സിദ്ധിഖാ(44)ണ് കേസില്‍ അറസ്റ്റിലായത്. കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ ഞായറാഴ്ച രാവിലെയാണ് തട്ടിപ്പ് നടത്താന്‍ ശ്രമം നടത്തിയത്. മത്സ്യം വാങ്ങി പണം കൊടുത്തപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വില്‍പ്പനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ടൗണ്‍ എസ്.ഐ അജിത്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി കസ്റ്റഡിയിലെടുത്തു. സിദ്ധിഖിന്റെ പക്കല്‍ നിന്ന് 2000 രൂപയുടെ അഞ്ച് നോട്ടുകളും 200 രൂപയുടെ ഒരു നോട്ടും പോലിസ് കണ്ടെടുത്തിരുന്നു. കളര്‍ ഫോട്ടോസ്റ്റാസ്റ്റ് നോട്ടുകളാണ് സിദ്ധീഖി നിന്നും കണ്ടെടുത്തത്. സ്ഥലം വില്‍പ്പന നടത്തിയപ്പോള്‍ കമ്മീഷന്‍ കിട്ടിയ പണമാണെന്നാണ് സിദ്ധീഖ്  പൊലീസിനോട് മൊഴി നല്‍കിയത്. എന്നാല്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ സിദ്ധീഖ് തന്നെയാണ് നോട്ട് നിര്‍മിച്ചതെന്ന് കണ്ടെത്തി. ഫോട്ടോകോപിയെടുത്ത് ഒട്ടിച്ചു വയ്ക്കുകയായിരുന്നു. പ്രതിയെ തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് ജില്ലാ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ പ്രതികള്‍ ഉണ്ടായിരിക്കാമെന്നാണ് പോലിസ് പറയുന്നത്. കള്ളനോട്ട് സംബന്ധിച്ച് പ്രതിയെ  വീണ്ടും ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലിസ് അപേക്ഷ നല്‍കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ഉദുമയിലും പെരിയയിലും നേരത്തെ 2000 രൂപയുടെ കള്ളനോട്ടുപയോഗിച്ച് മല്‍സ്യം വാങ്ങാനെത്തി തട്ടിപ്പ് നടത്തിയ സംഭവം നടന്നിരുന്നു. അതും ഇതുപോലെ കളര്‍ഫോട്ടോ സ്റ്റാറ്റ് എടുത്താണ് തട്ടിപ്പ് നടത്തിയത്.

0Shares