ഓരോ ആഴ്ചയും കഴിക്കുന്നത് 2000 രൂപയുടെ മദ്യം; ഉത്രയുടെ 15 പവൻ വിറ്റത് മദ്യപിക്കാന്‍; സൂരജിന്‍റെ മൊഴി ഇങ്ങിനെ

  • Post category:news
  • Reading time:1 min read
You are currently viewing ഓരോ ആഴ്ചയും കഴിക്കുന്നത് 2000 രൂപയുടെ മദ്യം; ഉത്രയുടെ 15 പവൻ വിറ്റത് മദ്യപിക്കാന്‍; സൂരജിന്‍റെ മൊഴി ഇങ്ങിനെ

കൊല്ലം അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍, മരിച്ച ഉത്രയുടെ സ്വര്‍ണം വിറ്റ് മദ്യപാനത്തിനും ധൂര്‍ത്തിനുമായി ചെലവിട്ടെന്ന് പ്രതിയായ ഭര്‍ത്താവ് സൂരജിന്‍റെ മൊഴി. ഉത്രയുടെ 15 പവന്‍ സ്വര്‍ണ്ണമാണ് ഇത്തരത്തില്‍ ധൂര്‍ത്തടിക്കാനായി വിറ്റത്. പല തവണയായി അടൂരിലെ ജ്വല്ലറിയിലാണു വിറ്റതെന്നും സൂരജ് പോലീസിനോട് പറഞ്ഞു. പൂര്‍ണമായും സ്വന്തം ആവശ്യത്തിനായാണ് സ്വര്‍ണം വിറ്റതെന്നാണ് സൂരജിന്‍റെ മൊഴി.

അടൂരിലെ ബാറില്‍ നിന്ന് എല്ലാ ആഴ്ചയിലും രണ്ടായിരത്തോളം രൂപയുടെ മദ്യം വാങ്ങി കഴിച്ചിരുന്നതായും സൂരജ് അന്വേഷണ സംഘത്തോട് പറഞ്ഞു. അടൂരിലെ ജ്വല്ലറിയില്‍ തെളിവെടുപ്പു നടത്തിയ ക്രൈംബ്രാഞ്ച് സംഘം സൂരജിന്‍റെ മൊഴി സത്യമാണെന്ന് സ്ഥിരീകരിച്ചു. കേസില്‍ പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ്, ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണം പിതൃസഹോദരിക്കു കൈമാറാനായി സൂരജ് പിതാവിനെ ഏല്‍പിച്ചത്.

ഈ സ്വര്‍ണം സൂരജിന്‍റെ പിതാവ് സുരേന്ദ്രന്‍ വീട്ടുപരിസരത്തെ റബര്‍ തോട്ടത്തില്‍ കവറുകളിലാക്കി സ്വര്‍ണം കുഴിച്ചിട്ടു. 38.5 പവന്‍ തോട്ടത്തില്‍നിന്നും അന്വേഷണസംഘം കണ്ടെടുത്തിരുന്നു. വിവാഹദിവസം നല്‍കിയ 96 പവന്‍ ഉള്‍പ്പെടെ 100 പവനോളം സ്വര്‍ണമാണ് ഉത്രയുടെ വീട്ടുകാര്‍ നല്‍കിയത്. സൂരജിന്‍റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങാനായി ഇതില്‍ നിന്ന് 21 പവന്‍ ഉത്രയുടെ വീട്ടുകാര്‍ വാങ്ങി പണയംവച്ചു പണം നല്‍കിയിരുന്നു.

ബാക്കി സ്വര്‍ണത്തില്‍ 10 പവന്‍ ബാങ്ക് ലോക്കറില്‍നിന്നും 6 പവന്‍ അതേ ബാങ്കില്‍ പണയം വച്ച നിലയിലും കണ്ടെത്തി. ഉത്രയുടെ സ്വര്‍ണാഭരണത്തില്‍നിന്നു മാറ്റിയ മൂന്നര പവന്‍ കഴിഞ്ഞ ദിവസം വീട്ടുകാര്‍ പോലീസിന് കൈമാറിയിരുന്നു. ഇതോടെ ഉത്രയുടെ സ്വര്‍ണം ഏറെക്കുറെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടുണ്ട്.

14 ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം നാളെ സൂരജിനെ കോടതിയില്‍ ഹാജരാക്കും. സൂരജിനെയും പാമ്പിനെ നല്‍കിയ ചാവര്‍കോട് സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങുന്നതിനു വനംവകുപ്പ് നാളെ കോടതിയെ സമീപിക്കും. പാമ്പിനെ ദുരുപയോഗം ചെയ്തതിന് ഇരുവര്‍ക്കും എതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.

0Shares