
മനാമ: സൗദിയിലെ അസീർ ചുരത്തിൽ ഉംറ തീരഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച് 20 പേർ മരിച്ചു. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 29 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച വൈകീട്ട് അസീർ ഗവർണറേറ്റിലെ അഖാബ ഷാർ ചുരത്തിലാണ് ദുരന്തം ഉണ്ടായത്. ഉംറ നിര്വഹിക്കാന് മക്കയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തില്പ്പെട്ടത്. ബ്രേക്ക് തകരാറിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് താഴ്‌ചയിലേക്ക് മറിയുകയും തീപിടിക്കുകയും ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ജിദ്ദയിലേക്കുള്ള വഴിയിൽ അബഹക്കും മുഹായിലിനും ഇടയിലാണ് അഖാബ ഷാർ. അസീർ പ്രവിശ്യയെയും അബഹ നഗരത്തെയും ബന്ധിപ്പിക്കുന്ന റോഡാണത്. അബഹയിൽ ഏഷ്യക്കാർ നടത്തുന്ന ഒരു ഉംറ ഏജൻസിക്ക് കീഴിൽ തീർഥാടനത്തിന് പുറപ്പെട്ട 47 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും ബംഗ്ലാദേശ് സ്വദേശികളാണെന്നും റിപ്പോർട്ടുണ്ട്.

മരിച്ചവർ എല്ലാം ഏഷ്യക്കാർ എന്നാണ് വിവരം. 21 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. മരണ സംഖ്യ ഉയർന്നേക്കും. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരിൽ ഇന്ത്യക്കാർ ഉണ്ടോയെന്ന് വ്യക്തമല്ല.
പരിക്കേറ്റവരിൽ മുഹമ്മദ് ബിലാൽ, റാസാ ഖാൻ എന്നിങ്ങനെ രണ്ട് ഇന്ത്യാക്കാർ ഉണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരം.
പരിക്കേറ്റവരെ മുഹായിൽ ജനറൽ ആശുപത്രി, അബഹയിലെ അസീർ ആശുപത്രി, സൗദി ജർമൻ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ 15 പേർ ബംഗ്ലാദേശുകാരാണ്.
