18 ശതമാനം നികുതി അധികം നല്‍കണം: കാസര്‍കോട്ടെ മൊബൈല്‍ വ്യാപാരികള്‍ ഈമാസം 22 നും 23 നും സൂചനാ പണിമുടക്ക് നടത്തും

  • Post category:news
  • Reading time:2 mins read
You are currently viewing 18 ശതമാനം നികുതി അധികം നല്‍കണം: കാസര്‍കോട്ടെ മൊബൈല്‍ വ്യാപാരികള്‍ ഈമാസം 22 നും 23 നും സൂചനാ പണിമുടക്ക് നടത്തും

കാസര്‍കോട്: വര്‍ധിച്ച നികുതി കാരണം ജില്ലയിലെ മൊബൈല്‍ വ്യാപാരികള്‍ റീച്ചാര്‍ജ്ജ് സേവനം നിര്‍ത്തി വക്കുന്നു. വ്യാഴാഴ്ച ചേര്‍ന്ന മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ നേതൃത്വത്തിന്റേതാണ് തീരുമാനം. ഇതു നടപ്പിലാക്കാനായി അതാതു മേഖലാ കമ്മിറ്റി ഭാരവാഹികള്‍ കടകളില്‍ ചെന്ന് വ്യാപാരികള്‍ക്കായുള്ള നിര്‍ദ്ദേശം നേരിട്ടു കൈമാറും. ആഗസ്റ്റ് 22, 23 തീയതികളില്‍ സൂചനാ സമരം മാത്രമാണ് ആരംഭിക്കുന്നതെന്ന് മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഷ്രഫ് നാല്‍ത്തടുക്ക, ജനറല്‍ സെക്രട്ടറി വിശ്വനാഥന്‍ ബദിയട്ക്ക, ട്രഷറര്‍ വിജേഷ് പാണത്തൂര്‍ എന്നിവര്‍ അറിയിച്ചു. മൊബൈല്‍ കമ്പനികളും സര്‍ക്കാരും ഇടപെടാതിരുന്നാല്‍ റീച്ചാര്‍ജ് സേവനം നിര്‍ത്തി വെക്കുന്നത് അനിശ്ചിതമായി തുടരാനാണ് തീരുമാനം. പുതിയ ജി.എസ്.ടി നിയമം നടപ്പാകുന്നതോടെ റീച്ചാര്‍ജു വഴി വ്യാപാരിക്കു കിട്ടുന്ന തുഛമായ കമ്മീഷനില്‍ നിന്നും 18 ശതമാനം നികുതി നല്‍കികേണ്ടി വരുന്നു. രണ്ടര മുതല്‍ മുന്നു ശതമാനം വരെ മാത്രമാണു റീച്ചാര്‍ജ് സേവനത്തിനായുള്ള കമ്മീഷന്‍ നല്‍കി വരുന്നത്. അതില്‍ നിന്നും 18 ശതമാനം ജി.എസ്.ടി നികുതി വ്യാപാരി അടക്കണം. അതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. മാസാമാസം റിട്ടേണ്‍ സമര്‍പ്പിക്കണം.കമ്പ്യൂട്ടര്‍ സംവിധാനം സ്വരുക്കൂട്ടണം. രജിസ്‌ട്രേഷന്‍ എടുക്കണം. സാങ്കേതിക മികവ് തുലോം കുറഞ്ഞതും, ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഈ വഴി തെരെഞ്ഞെടുത്തതുമായ സാധാരണകാരായ മൊബൈല്‍ വ്യാപാരികള്‍ക്ക് എന്തെങ്കിലും കൈപ്പിഴ വന്നാല്‍ കുടുംബം വിറ്റാല്‍ പോലും വീട്ടാന്‍ കഴിയാത്തത്ര പിഴയാണ് ശിക്ഷയായി വന്നു ചേരുക. അതിനു മാത്രമുള്ള വരുമാനമില്ലെന്നു മാത്രമല്ല കഴുത്തു പോകുന്ന പണിക്കു വയ്യെന്നും അതു കൊണ്ട് സേവനം മതിയാക്കാന്‍ സ്വയം നിര്‍ബന്ധിതമാവുകയാണെന്നാണ് അസോസിയേഷന്റെ വിശദീകരണം.
ചുരുങ്ങിയത് ആറു ശതമാനം കമ്മീഷനെങ്കിലും നല്‍കിയാല്‍ മാത്രമേ ഇനി ഞങ്ങള്‍ ഈ പണിക്കിറങ്ങുകയുള്ളുവെന്നാണ് സംഘടനാ നിലപാട്. അതല്ലെങ്കില്‍ ജി.എസ്.ടി വഴി സര്‍ക്കാരിനു ലഭിക്കേണ്ട നികുതി കമ്പനിയില്‍ നിന്നും സര്‍ക്കാര്‍ നേരിട്ടു വാങ്ങണം. ചെറുകിടി മേഖലയിലെ പ്രശ്‌നങ്ങളെ പഠിക്കാതെയും തിടുക്കത്തിലുമാണ് ജി.എസ്.ടി നടപ്പിലാക്കിയത്. ഇതു സമ്പന്ധിച്ചു യാതൊരു പരിശീലനമോ, ബോധവല്‍ക്കരണമോ അപ്രാപ്യമാണെന്ന് വ്യാപാരികള്‍ പറയുന്നു. മാളുകള്‍ അടക്കമുള്ള കുത്തക വ്യാപാരികള്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ അന്നന്നത്തെ അന്നം തേടി ഈ വഴിക്കു വന്നവര്‍ എന്തു ചെയ്യണമെന്നറിയാതെ ഭീതിയില്‍ കഴിയുകയാണെന്ന് വ്യാപാരികള്‍.

0Shares