
മലപ്പുറം കോട്ടക്കലിൽ പീഡനത്തിനിരയായ പതിനേഴുകാരി പ്രസവിച്ചു. ഈ മാസം 20നാണ് പെൺകുട്ടി വീട്ടുകാരറിയാതെ മുറിയിൽ പ്രസവിച്ചത്. പീഡിപ്പിച്ച അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആരുടെയും സഹായമില്ലാതെയായിരുന്നു പ്രസവം. യൂട്യൂബിൽ നിന്നാണ് പ്രസവത്തെക്കുറിച്ച് മനസിലാക്കിയതെന്ന് പെൺകുട്ടി പറഞ്ഞു.

മൂന്ന് ദിവസത്തിനുശേഷമാണ് പെൺകുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഗർഭിണിയായിരിക്കേ കുട്ടി രണ്ടു വട്ടം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഗർഭിണിയാണെന്ന വിവരം അറിയിക്കാതെ മാതാവിനെയും കൂട്ടിയാണ് ആശുപത്രിയിൽ പോയത്. കുട്ടിയുടെ വീട്ടിൽ മാതാപിതാക്കൾ മാത്രമാണുള്ളത്. മാതാവിന് കാഴ്ച പരിമിതിയുണ്ട്. പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്.
