
കോഴിക്കോട് കുറ്റ്യാടിയിൽ 17കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 4 പേർ കസ്റ്റഡിയിൽ. ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട്ടെ ഒരു ടൂറിസം കേന്ദ്രത്തിലേക്ക് പെൺകുട്ടിയുടെ ആൺസുഹൃത്ത് വിനോദ സഞ്ചാരത്തിനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.

ആൺസുഹൃത്തും അയാളുടെ മൂന്ന് കൂട്ടുകാരും ചേർന്നാണ് പീഡിപ്പിച്ചതെന്നും പെൺകുട്ടി മൊഴി നൽകി. വൈകീട്ട് ബോധം തെളിഞ്ഞപ്പോൾ ഇരുചക്രവാഹനത്തിൽ വഴിയിൽ ഇറക്കി വിടുകയായിരുന്നുവെന്നും, ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
സംഭവത്തിൽ മൂന്ന് കായക്കൊടി സ്വദേശിയും ഒരു കുറ്റ്യാടി സ്വദേശിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവരുടെ അറസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും അതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു.
