
കാസര്‍കോട്: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ 17കാരിയെ രക്ഷപ്പെടുത്തി ഉദ്യോഗസ്ഥരും നാട്ടുകാരും. കാസര്‍കോട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ബദിയഡുക്ക പോലീസും നാട്ടുകാരും ചേർന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. എന്‍മകജെ ഗ്രാമ പഞ്ചായത്തിലെ പെർള, ബദ്രംപള്ളയിലെ 17കാരിയാണ് വെറ്റില പറിക്കാനായി പോകുന്നതിനിടയില്‍ കാലുതെറ്റി അബദ്ധത്തിൽ ആള്‍മറയില്ലാത്ത കിണറിൽ വീണത്.
ബഹളം കേട്ട് ഓടിക്കൂടിയവർ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കരക്ക് കയറ്റാൻ സാധിച്ചില്ല. കിണറ്റിലേക്ക് കയര്‍ ഇറക്കിക്കൊടുത്ത് പിടിച്ചു നില്‍ക്കാന്‍ പറഞ്ഞു. പിന്നാലെ നാട്ടുകാരായ രണ്ടു പേര്‍ കിണറ്റിലിറങ്ങി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ റെസ്‌ക്യു നെറ്റ് ഉപയോഗിച്ച് യുവതിയെ മുകളിലേക്ക് കയറ്റുകയാണുണ്ടായത്. ശേഷം ആംബുലന്‍സിൽ ആശുപത്രിയിലെത്തിച്ചു. ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ ഡോ. ഹര്‍ഷ, സീനിയര്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ സണ്ണി ഇമ്മാനുവല്‍, ബൈസണ്‍, സിറാജ്, നൗഫല്‍ തുടങ്ങിയവരാണ് ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നത്.
