
ന്യൂഡല്‍ഹി: ലൈംഗികപീഡന ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്ന ഗുസ്‌തി ഫെഡറേഷന്‍ തലവന്‍ ബ്രിജ്ഭൂഷനെതിരേ ഡല്‍ഹി പോലീസ് സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ ഗുസ്‌തി താരങ്ങളുടെ ശരീരത്തില്‍ സ്‌പര്‍ശിച്ചതിൻ്റെ വിവരങ്ങള്‍ അടക്കം അനേകം വെളിപ്പെടുത്തലുകള്‍. ഗുസ്‌തി താരങ്ങള്‍ നേരിട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ 1599 പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ടില്‍ പറയുന്നത്.
തൻ്റെ ടീഷര്‍ട്ട് ഉയര്‍ത്തി ശരീരത്തില്‍ ബ്രിജ്ഭൂഷന്‍ സ്‌പര്‍ശിച്ചെന്നാണ് ഒരു താരം നല്‍കിയ വിവരം. ഈ ലൈംഗിക പീഡനത്തിന് രണ്ട് സഹതാരങ്ങള്‍ സാക്ഷികളായിരുന്നെന്നും പറഞ്ഞിട്ടുണ്ട്. ഗുസ്‌തി ഫെഡറേഷന്‍ ഓഫീസില്‍ വെച്ചായിരുന്നു ഈ മോശമായ പെരുമാറ്റം. താരങ്ങളെ മുറുകെ കെട്ടിപ്പിടിക്കുന്ന ബ്രിജ്ഭൂഷന്‍ 15- 20 മിനിറ്റ് വരെ ഈ നിലയില്‍ നില്‍ക്കാറുണ്ടെന്നും കുറ്റപത്രത്തില്‍ നല്‍കിയിരിക്കുന്ന മൊഴി.

ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗിനും വിനോദ തോമാറിനും എതിരേ ജൂണ്‍ 15നായിരുന്നു ഡല്‍ഹി പോലീസ് കുറ്റപത്രം നല്‍കിയത്. കുറ്റപത്രത്തില്‍ 21 സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയരിക്കുന്നത്. ആറോളം താരങ്ങള്‍ ബ്രിജ് ഭൂഷണെതിരേ ലൈംഗിക പീഡനത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കുറ്റപത്രത്തില്‍ രണ്ടാം നമ്പറായി ചേര്‍ത്തിട്ടുള്ള ഗുസ്‌തി താരത്തിൻ്റെ മൊഴിയില്‍ ബ്രിജ് ഭൂഷന്‍ ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
2022 സെപ്തംബര്‍ 19ന് താന്‍ മത്സരിച്ചപ്പോള്‍ പരിക്കേറ്റിരുന്നു എന്നും തനിക്ക് മതിയായ ചികിത്സ ആവശ്യമായി വന്നെന്നും താരം പറഞ്ഞു. രാജ്യത്തിന് വേണ്ടി ഇനി മത്സരിക്കണമെങ്കില്‍ ശരിയായ ചികിത്സ ആവശ്യമായിരുന്നു. ഇതിനായി താന്‍ അശോകാ റോഡിലുള്ള ഗുസ്‌തി ഫെഡറേഷൻ്റെ ഓഫീസിലേക്ക് വിളിക്കപ്പെട്ടു. അവിടെ വെച്ച് ബ്രിജ് ഭൂഷണെ കണ്ടപ്പോള്‍ ഫെഡറേഷന്‍ ചികിത്സയുടെ ചെലവ് വഹിക്കാന്‍ തയ്യാറാണ് എന്നാല്‍ അത് കിട്ടണമെങ്കില്‍ ലൈംഗികമായി വഴങ്ങണമെനന് ആവശ്യപ്പെട്ടതായി കുറ്റപത്രത്തില്‍ പറയുന്നു.
കുറ്റപത്രത്തില്‍ ആറാമതായി ലിസ്റ്റ് ചെയ്‌തിട്ടുള്ള മറ്റൊരു പരാതിക്കാരിയുമുണ്ട്. ലൈംഗികമായി വഴങ്ങിയാല്‍ പ്രോട്ടീന്‍ വസ്‌തുക്കള്‍ വാങ്ങി നല്‍കാമെന്ന് സിംഗ് വാഗ്‌ദാനം ചെയ്‌തതായി പറഞ്ഞിട്ടുണ്ട്. ബ്രിജ്ഭൂഷണും സഹായികളും പല അവസരത്തില്‍ ലൈംഗിക ചൂഷണ പ്രവര്‍ത്തികള്‍ ചെയ്‌തിട്ടുണ്ടെന്നാണ് പരാതിക്കാരികള്‍ പറഞ്ഞിരിക്കുന്നത്.
ആഭ്യന്തര വിദേശ ടൂറുകളില്‍ ഉപദ്രവമുണ്ടായിരുന്നെന്നും സ്വകാര്യമായും വ്യക്തിപരമായും ഫെഡറേഷന്‍ ഓഫീസില്‍ പോയി കാണാന്‍ ആവശ്യപ്പെട്ട് ബ്രിജ്ഭൂഷൻ്റെ സഹായികള്‍ ഗുസ്‌തിക്കാരെ വിളിക്കുമായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്.
