കോഴിക്കോട്: സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ചെന്ന് ആര്.എസ്.എസ് നേതാവും ശബരിമല കര്‍മ്മ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വല്സന് തില്ലങ്കേരി. കോഴിക്കോട് മുതലക്കുളത്ത് നടന്ന ശബരിമല ആചാര സംരക്ഷണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ സന്നിധാനത്ത് എത്തിയ 15 വനിതാ പോലീസുകാരില്‍ ഒരാളുടെ പ്രായത്തില്‍ സംശയമുണ്ടായിരുന്നു. ഒരു വനിതാ പോലീസിന്റെ ഭര്‍ത്താവിന് 49 വയസായിരുന്നു പ്രായം. ഇത് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. തുടര്‍ന്ന് എസ്.പി മാരെ വിവരം അറിയിക്കുകയായിരുന്നു.
ഇവര്‍ സന്നിധാനത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് സന്നിധാനത്തുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ചെന്നാണ് തില്ലങ്കേരിയുടെ അവകാശവാദം. ചെറുപ്പക്കാരികളായ 50 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയമിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഒരു ഉദ്യോഗസ്ഥയും തയ്യാറായില്ല. തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലെ വനിതാ പൊലീസുകാരെ സമീപിച്ചെങ്കിലും അവരും തയ്യാറില്ലെന്നും തില്ലങ്കേരി പ്രസംഗത്തിനിടെ പറഞ്ഞു.
15 വനിതാ പൊലീസുകാരുടെ ജനനതീയതി പരിശോധിച്ചു; യുവതികളായ ഒരു ഉദ്യോഗസ്ഥയും വരാന്‍ തയ്യാറായില്ലെന്ന് വത്സന് തില്ലങ്കേരി