
കാസര്‍കോട്: നബാർഡിന്‍റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സാമ്പത്തിക സഹായം 2020-21 ൽ സംസ്ഥാനത്തിന് ലഭിച്ചു. 13,425 കോടി രൂപ കേരളത്തിൽ പുനർവായ്പയിലൂടേയും, നേരിട്ടുള്ള വായ്പയിലൂടെയും നബാർഡ് വിതരണം ചെയ്തു. 2019-20 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 26 ശതമാനം വർധനയാണ് ഇത്.
12,847 കോടി രൂപ പുനർവായ്പയായി കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കേരളാ ഗ്രാമീൺ ബാങ്ക്, കേരള സംസ്ഥാന കാർഷിക ഗ്രാമീണ വികസന ബാങ്ക് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് മുൻഗണനാ മേഖലയിലെ വായ്പകൾക്കായാണ് നൽകിയത്. ഇതിൽ 9,252 കോടി രൂപ കാർഷിക മേഖലയിലെ വിള വായ്പ ലോണുകൾ, എം.എസ്.എം.ഇ മേഖലയിൽ പ്രവർത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങൾക്ക് ഹ്രസ്വകാല വായ്പയായി നൽകി. 3,595 കോടി രൂപ ദീർഘകാല വായ്പയായി കാർഷിക, കാർഷികേതര അനുബന്ധ മേഖലയിലും, എം.എസ്.എം.ഇ മേഖലയിലും അനുവദിച്ചു.

നബാർഡ് 30 കോടി രൂപ ഗ്രാന്റ് ധനസഹായമായി ബാങ്കുകൾക്കും, സർക്കാരിതര സന്നദ്ധ സംഘടനകൾക്കും സംസ്ഥാന കുടുംബശ്രീ മിഷൻ മുഖേനയും വിവിധ മേഖലകളുടെ വികസന പ്രവർത്തനങ്ങൾക്കായി വിതരണം ചെയ്തു. പാലക്കാട്, കാസര്‍കോട്, വയനാട് ജില്ലകളിൽ നീർത്തട വികസന പദ്ധതികൾക്കായി 12 കോടി രൂപയും നൽകി. ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഫണ്ടിൽ നിന്ന് കേരളാ കോ-ഓപ്പറേറ്റീവ് ബാങ്ക്, കേരള ഗ്രാമീണ ബാങ്ക് എന്നിവയ്ക്ക് മൊബൈൽ വാനുകൾക്കും മൈക്രോ എ.ടി.എമ്മുകൾക്കുമായി നൽകിയ നാല് കോടി രൂപ ധനസഹായവും ഇതിൽ ഉൾപ്പെടും.
കൂടാതെ പട്ടിക വർഗ വികസന പദ്ധതികൾക്കും മൈക്രോ ക്രെഡിറ്റ് മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കുമായി മൂന്ന് കോടി രൂപ വീതം സഹായം അനുവദിച്ചു. കൈത്തറിമേഖലയുടെ പ്രോത്സാഹനത്തിന് രണ്ട് എക്സിബിഷനുകൾ, കർഷക ഉല്പാദകസംഘങ്ങളുടെ വളർച്ചയ്ക്കും, സ്വയംപര്യാപ്തയ്ക്കും നൽകുന്ന ഗ്രാന്റ് സഹായം, കോ-ഓപ്പറേറ്റീവ് മേഖലയിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാൻ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് സ്ഥാപനങ്ങൾക്ക് ഗ്രാന്റ് സഹായം എന്നിവയും നബാർഡിന്‍റെ പ്രവർത്തനങ്ങളാണ്.
