
കാസർകോട്: ചെങ്കള ഗ്രാമപഞ്ചായത്തിൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന ഹോട്ടൽ, കാന്റീൻ, കാറ്ററിംഗ്, കുൾബാർ, തുടങ്ങിയ സ്ഥാപനങ്ങളിൽ ഭക്ഷണ സുരക്ഷ പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ ഉടമകളുടെ യോഗം പഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്നു. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ പാലിക്കേണ്ട ആരോഗ്യ ശുചിത്വ കാര്യങ്ങൾ ചർച്ചചെയ്തു.
വൃത്തിയുള്ളതും, മായം കലരാത്തതുമായ ഭക്ഷണം ഉറപ്പുവരുത്തും,തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി.യൂനിഫോം, തലക്യാപും ധരിക്കും. കുടിവെള്ളം പരിശോധനയ്ക്ക് വിധേയമാക്കി ശുദ്ധീകരിക്കാൻ നടപടി സ്വീകരിക്കും. ഖരദ്രവ മാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്കരിക്കും. പലഹാരങ്ങൾക്ക് എണ്ണ ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശംനൽകി.
പാചകം ചെയ്ത പലഹാരങ്ങൾ 4 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കാൻ പാടില്ല. അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം വിതരണം നടത്തുമ്പോൾ ചവണയോ,കൈയുറയോ ധരിക്കണം. പ്ലാസ്റ്റിക്ക് കവറുകളിൽ ഭക്ഷണം പൊതിഞ്ഞു നൽകാൻ പാടില്ല. ക്ലീനിംഗ് ജീവനക്കാരും, കാശ് കൈകാര്യം ചെയ്യുന്നവരുംഭക്ഷണം വിതരണം ചെയ്യരുത്. പച്ചക്കറികളും, ചമ്മന്തിക്ക് ഉപയോഗിക്കുന്ന പച്ചമുളക്, കരിവേപ്പില എന്നിവ വെള്ളത്തിൽ പരമാവധി സമയം മുക്കിയിട്ട് ഉരച്ച് കഴുകി മാത്രം ഉപയോഗിക്കണം. എലി, ഈച്ച,പാറ്റ കയറാത്തനിലയിൽ സ്റ്റോർറും ഉണ്ടാവണം. ഉപയോഗിക്കുന്ന തുണികളും, ടവ്വലുകളും എല്ലാദിവസവും അലക്കി ഉപയോഗിക്കണം.
ഭക്ഷണം പാകം ചെയ്യുന്നവർ മുറുക്കാനോ, പുകയിലഉദ്പന്നങ്ങൾ ഉപയോഗിക്കരുത്. “പുകവലി പാടില്ല” എന്ന ബോർഡ് സ്ഥാപിക്കണം. എല്ലാ സ്ഥാപനങ്ങളും ലൈസൻസുകൾ ഫ്രെയിം ചെയത് സൂക്ഷിക്കേണ്ടതാണ്.
ഭക്ഷണ സുരക്ഷയുടെ ഭാഗമായി ഹോട്ടൽ തൊഴിലാളികൾക്കായി പ്രത്യേക മെഡിക്കൽക്യാമ്പ് നടത്താനും തീരുമാനിച്ചു. വൃത്തിയായി സൂക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് ഗ്രേഡ് നൽകി സമ്മാനം നൽകും. നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നിയമ നടപടികൾ സ്വീകരിക്കും.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബി. അഷറഫ് കർമ്മപദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് ജൂനിയർ സുപ്രണ്ട് സഞ്ജയ് ഹക്കിം സ്വാഗതം പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹഫീസ് ഷാഫി, കെ.എസ് രാജേഷ് എന്നിവർ സംസാരിച്ചു.
