
കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ കേസ് സി.ബി.ഐ ഏറ്റെടുത്തു. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവുണ്ടായിട്ടും കേസ് സി.ബി.ഐക്ക് കൈമാറാൻ സർക്കാർ കാലതാമസം വരുത്തുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.ഇതേ തുടർന്നാണ് കേസ് ഫയൽ സി.ബി.ഐക്ക് പോലീസ് കൈമാറിയത്.14 സി.പി.എം പ്രവർത്തകർക്കെതിരെ സി.ബി.ഐ, എറണാകുളം സി.ജെ.എം കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു.

തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് ഡി.വൈ.എസ്.പി അനന്തകൃഷ്ണനാണ് കേസന്വേഷിക്കുന്നത്. സംസ്ഥാന പോലീസിലെ പ്രത്യേക സംഘം സമർപ്പിച്ച കുറ്റപത്രം തള്ളിയാണ് ഹൈക്കോടതി കേസ് സി.ബി.ഐക്ക് മാറിയത്. കേസിലെ ഉന്നതതല ഗൂഡാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ അച്ഛൻമാർ ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവുണ്ടായിട്ടും കേസ് കൈമാറാത്തതിനെതിരെ രൂക്ഷമായി വിമർശനമാണ് ഹൈക്കോടതി ഇന്നലെ ഉന്നയിച്ചത്.
കോടതി ഉത്തരവുകള്‍ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനും കേരള പോലീസിനുമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡി.ജി.പിയുടെ നടപടി കൃത്യവിലോപമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
