കോട്ടയം: എന്‍.എസ്.എസിനോട് കളി വേണ്ടെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് സമാധാനപരമായാണ് ശബരിമല വിഷയത്തില്‍ പ്രതിഷേധം നടത്തുന്നത്. എന്‍.എസ്.എസിന്റെ മൂന്ന് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ദേവസ്വം നിയമനങ്ങളിലെ സംവരണം ഭിന്നതയുണ്ടാക്കാനാണ്. ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവങ്ങളായി മൂന്നിടത്ത് എന്‍.എസ്.എസിന്റെ മൂന്ന് കരയോഗങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ആരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് അറിയാമെന്ന് പറയുന്നുണ്ടെങ്കിലും ആരേയും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമായി സൂചിപ്പിട്ടില്ല. അതേസമയം തന്നെ സര്‍ക്കാരിനെതിരെ രൂക്ഷമായ പ്രതികരണവുണ്ട്. ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ദേവസ്വം നിയമനത്തിലെ പിന്നോക്കക്കാര്‍ക്കുണ്ടായിരുന്ന സംവരണം 32 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഉയര്‍ത്തിയതെന്നും വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു.
ഹിന്ദുവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്നും ഇതില്‍ പറയുന്നു. സമാധാനപരമായി സമരം ചെയ്യുന്ന എന്‍എസ്എസിന്റെ ഓഫീസുകള്‍ അക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. ഇക്കളി എന്‍എസ്എസിനോട് വേണ്ട. അതിനെ എതിര്‍ക്കാനുള്ള ശക്തിയും സംഘടനാശേഷിയും എന്‍.എസ്.എസിനുണ്ടെന്ന കാര്യം അക്രമികള്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന ഓര്‍മപ്പെടുത്തലോടെയാണ് വാര്‍ത്താക്കുറിപ്പ് അവസാനിക്കുന്നത്. അതേസമയം നേമത്തിന് സമീപം മേലാങ്കോട് എന്‍.എസ.്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഇന്നു രാവിലെയാണ് ഓഫിസ് കെട്ടിടം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടത്. എന്‍.എസ്.എസ് മന്ദിരത്തിന്റെ കൊടിമരവും അടിച്ചുതകര്‍ത്തിട്ടുണ്ട്. കൊടിമരത്തിന്റെ ചുവട്ടില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ക്ക് ഭീഷണിസന്ദേശമായി റീത്തും വച്ചിട്ടുണ്ട്.
ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം; കളി എന്‍.എസ്.എസിനോട് വേണ്ടെന്ന് ജി സുകുമാരന്‍ നായര്‍