ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത് ഭരണഘടനാലംഘനം: ബി.ജെ.പി

  • Post category:local news
  • Reading time:1 min read
You are currently viewing ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത് ഭരണഘടനാലംഘനം: ബി.ജെ.പി

കുമ്പള: ഹാദിയ എന്ന അഖില അവകാശ ലംഘനം നേരിടുന്നുവെന്നതിന്റെ പേരില്‍ വനിതാ കമ്മീഷന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത് ഭരണഘടനാ ലംഘനമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറഞ്ഞു. യുവമോര്‍ച്ച കാസര്‍കോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യുവ സുരക്ഷാ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീഷണിക്ക് വഴങ്ങി നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയമാകേണ്ടി വന്ന ആതിരയെ ഫോണ്‍ വിളിച്ച് ആശ്വസിപ്പിക്കാന്‍ പോലും വനിതാ കമ്മീഷന്‍ തയ്യാറായിട്ടില്ല. ഭരണഘടനാ സ്ഥാപനമായ വനിതാ കമ്മീഷന്‍ രാഷ്ട്രീയ മത വിവേചനം കാണിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇതിലൂടെ അധികാര ദുരുപയോഗമാണ് നടക്കുന്നത്. കേരളത്തില്‍ ആര്‍ക്കും സുരക്ഷിതത്വം ഇല്ലാതായിരിക്കുന്നു. കോടതി ഉത്തരവ് പ്രകാരം പക്ഷം ചേരേണ്ട കാര്യം വനിതാ കമ്മീഷന് ഇല്ല. ഹാദിയ അവകാശ ലംഘനം നേരിടുന്നുവെന്ന കാരണം പറഞ്ഞ് വനിതാ കമ്മീഷന്‍ ഇടപെടണമെന്ന് പറയുന്ന സ്ത്രീ സംഘടനകള്‍ എന്തുകൊണ്ട് ആതിരയുടെ നിര്‍ബന്ധിത മതംമാറ്റത്തിന് കാരണമായ സംഭവത്തില്‍ ഇടപെടാന്‍ തയ്യാറാകുന്നില്ലെന്നും ശ്രീകാന്ത് ചോദിച്ചു.സുരേഷ് വാണി നഗര്‍ അധ്യക്ഷനായി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍.സുനില്‍, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി.നായക്, സതീഷ്ചന്ദ്ര ഭണ്ഡാരി, മുരളീധര യാദവ്, എ.കെ.കയ്യാര്‍, കെ.മഹേഷ്, സന്തോഷ് ദൈഗോളി സംബന്ധിച്ചു. സീതാംഗോളിയില്‍ നിന്നാരംഭിച്ച പദയാത്ര വൈകുന്നേരം പെര്‍ളയില്‍ സമാപിച്ചു.

0Shares