കാസര്‍കോട്: ഓര്‍ക്കാപ്പുറത്ത് പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകള്‍ ജനങ്ങളെ വലക്കുമ്പോള്‍ അതിനിടയില്‍ സ്‌നേഹത്തിന്റെയും സമാശ്വാസത്തിന്റെയും തൂവല്‍ സ്പര്‍ശവുമായി സുമനസ്സുകളായ ഒരുകൂട്ടം ചെറുപ്പക്കാര്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവിഭാഗം ജനങ്ങളുടെയും ശ്രദ്ധയും പ്രശംസയും നേടി. കാസര്‍കോട് നഗരത്തിന്റെ സമീപ പ്രദേശമായ ചെര്‍ക്കളയിലെ ദേശീയ പാതയിലാണ് ഹൃദയം പകര്‍ന്ന ഈ കാഴ്ചാനുഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം നഗര പ്രാന്തത്തിലുള്ള പഴയ ചൂരിയിലെ ഇസത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകന്‍ മടിക്കേരി എരുമാട് ഉദ്ദാവാഡ് സ്വദേശി റിയാസ് മൗലവി പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അക്ഷരാര്‍ത്ഥത്തില്‍ കാസര്‍കോട് നഗരത്തിലെയും പരിസര പ്രദേശത്തെയും ജനജീവിതം താറുമാറാക്കിയിരുന്നു. എന്നാല്‍ ഹര്‍ത്താലിന്റെ മറവില്‍ പലയിടങ്ങളിലും സാമൂഹ്യദ്രോഹികള്‍ വാഹനങ്ങള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചും വഴിയാത്രക്കാരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുണ്ടായി. സമാധാനപരമായ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തതെങ്കിലും ഫലത്തില്‍ അത് ജനങ്ങള്‍ക്ക് കൊടിയ ദുരിതമാണ് വിതച്ചത്. എന്നാല്‍ കാര്‍മേഘത്തിനിടയിലെ വെള്ളിരേഖ എന്ന പോലെ ആര്‍ദ്ര മനസ്‌ക്കരായ ഒരുകൂട്ടം ചെറുപ്പക്കാര്‍ ചെയ്ത സല്‍പ്രവര്‍ത്തിയാണ് പൊതുസമൂഹത്തിന്റെ അഭിനന്ദനം പിടിച്ചു പറ്റിയത്.

ഹര്‍ത്താല്‍ സംഭവം അറിയാതെ കാസര്‍കോട് നഗരത്തിലൂടെ കടന്നുവന്ന അന്യസംസ്ഥാന വാഹനങ്ങളില്‍ ഉണ്ടായവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ഓട്ടം നിര്‍ത്തി വെച്ചവര്‍ക്ക് വിശ്രമിക്കാന്‍ ദേശീയ പാതയോരത്തെ പള്ളി പരിസരം തന്നെ ഒരുക്കി കൊടുക്കുകയും ചെയ്തു. മാത്രമല്ല ഹയര്‍സെക്കന്ററി പരീക്ഷ എഴുതാന്‍ വന്ന കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിക്കാന്‍ പ്രത്യേകം താല്‍പ്പര്യംകാട്ടി. ഹോട്ടലുകള്‍ അടച്ചതിനാല്‍ ഭക്ഷണം കിട്ടാതെ വലഞ്ഞ വഴിയാത്രക്കാര്‍ക്കും വാഹന യാത്രികര്‍ക്കും മറ്റും ഹര്‍ത്താല്‍ അനുകൂലികള്‍ തന്നെ രുചികരമായ ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തു. ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് വയര്‍ നിറയെ ഭക്ഷണം നല്‍കി നല്ല വാക്കുകളോതി യാത്ര അയച്ചപ്പോള്‍ ചെറുപ്പക്കാര്‍ക്ക് ആത്മസംതൃപ്തി കൈവന്നു.

ഹര്‍ത്താലിന്റെ ആസുരഭാവങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെയും ഹൃദയാര്‍ദ്രതയുടെയും നേര്‍സാക്ഷ്യമാണ് ഇവിടെ കാണാന്‍ കഴിഞ്ഞത്. പ്രതിഷേധം ആവശ്യമാകുന്ന ഘട്ടങ്ങളില്‍ പ്രതിഷേധിക്കുക തന്നെ ചെയ്യണം; എന്നാല്‍ അത് സംസ്‌കാരം ചോര്‍ന്നുപോകാത്ത തരത്തിലും ജനാധിപത്യ മര്യാദകള്‍ അതിലംഘിക്കാത്ത തരത്തിലുമായിരിക്കണം. പക്ഷെ, നമ്മുടെ സംസ്ഥാനത്ത് ഇടക്കിടെ പൊട്ടിവീഴുന്ന ഹര്‍ത്താലുകള്‍ അങ്ങേയറ്റം ജനദ്രോഹകരമാണ് എന്നതാണ് പരമാര്‍ത്ഥം. ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് ഈ വൈകിയ വേളയിലെങ്കിലും ഒരു തിരിച്ചറിവുണ്ടാകാന്‍ ചെര്‍ക്കളയിലെ സ്‌നേഹക്കാഴ്ച പ്രചോദനം നല്‍കിയെങ്കില്‍ എന്ന് ആശിച്ച് പോകുന്നു!…