കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ അടിക്കടി ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ വഴി പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ച്ചയ്ക്കിടെ കാസര്‍കോട് മണ്ഡലത്തില്‍ ഉണ്ടായത് നാല് ഹര്‍ത്താലുകളാണ്. ഇത് കാസര്‍കോട്ടെ വ്യാപാര വ്യവസായമേഖലകളെ മുതല്‍ സാധാരണ ജനങ്ങളുടെ നിത്യാവശ്യങ്ങളെ വരെ താളം തെറ്റിക്കുന്നു. ഓര്‍ക്കാപ്പുറത്ത് പൊട്ടി വീഴുന്ന ഹര്‍ത്താലുകള്‍ നിമിത്തം കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക വ്യാപാര സ്ഥാപനങ്ങളും ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കാസര്‍കോട്ടെ ജന വിഭാഗം ഇന്ന് ഹര്‍ത്താല്‍ ഭയത്തിന്റെ പിടിയില്‍ അമര്‍ന്ന് കഴിയുകയാണ്. വിവിധ മത വിഭാഗങ്ങളില്‍പ്പെട്ടവരും വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കുന്നവരും ഏഴിലേറെ ഭാഷകള്‍ സംസാരിക്കുന്നവരുമായ ജന സമൂഹമാണ് കാസര്‍കോട്ടുള്ളത്. ഇതിനു പുറമേ സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് ഉദ്യോഗസ്ഥന്മാരും ഉത്തരേന്ത്യയില്‍ നിന്നുള്ള പരശ്ശതം തൊഴിലാളികളും കാസര്‍കോട്ട് അധിവസിക്കുന്നു. ഒരുകാലത്ത് കേരളത്തിലെ ഏറ്റവും ശാന്തിയും സമാധാനവും മതമൈത്രിയും സാഹോദര്യവും കളിയാടിയിരുന്ന ഈ പ്രദേശം സമീപകാലത്ത് ഹര്‍ത്താലിന്റെ ഭയാശങ്കകളാല്‍ തളര്‍ന്നും തകര്‍ന്നും കഴിയുകയാണ്. പത്തുപേര്‍ ചേര്‍ന്ന് ഒരു ആഹ്വാനം നടത്തിയാല്‍ ഏത് നിമിഷവും കാസര്‍കോട്ടെ പൊതു ജീവിതം നിശ്ചലമാവുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ആര്‍ക്കും സാധിക്കുന്നില്ലെന്നതാണ് വൈചിത്ര്യം. കാസര്‍കോട്ടെ പൊതുജീവിതത്തെ പോറലേല്‍പ്പിച്ച അനിഷ്ട സംഭവങ്ങള്‍ മൂലം നിലവില്‍ പൊതുജനങ്ങളില്‍ ഏറിയ കൂറും സായാഹ്നങ്ങളില്‍ വീട് വിട്ട് പുറത്തിറങ്ങാന്‍ മടിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

സന്ധ്യമയങ്ങുന്നതോടെ നഗരവും പരിസര പ്രദേശങ്ങളും കിളികളൊഴിഞ്ഞ കൂട് പോലെയാകുന്നു. സംസ്ഥാനത്തെ മറ്റു നഗരങ്ങളെപ്പോലെ രാത്രി സമയങ്ങളിലും പൊതുജനം നഗരത്തിലെത്താത്തതിനാല്‍ വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ജ്ജീവമാകുന്നു എന്നുള്ളതാണ് പരമാര്‍ത്ഥം. ഇതു കൊണ്ട് തന്നെ നിരവധി സ്ഥാപനങ്ങള്‍ നിലവില്‍ കടക്കെണി മൂലം വട്ടം ചുറ്റുകയാണ്. എന്തെങ്കിലും ഒരു സംഭവം ഉണ്ടായാല്‍ അതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഏര്‍പ്പാട് കാസര്‍കോട്ട് പെരുകി വരികയാണ്. വര്‍ഗ്ഗീയ ഫാസിസിറ്റ് ശക്തികള്‍ ഇത്തരം കാര്യങ്ങളില്‍ മുതലെടുപ്പ് നടത്തുമ്പോള്‍ ആത്യന്തികമായി വലയുന്നത് നിര്‍ദ്ദോഷികളായ പൊതുജനങ്ങളാണ്. പാവം പൊതുജനത്തിന് ഇതില്‍ ഒരു കാഴ്ച്ചക്കാരനായി നില്‍ക്കേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളത്. വികസനത്തില്‍ പിന്നില്‍ നില്‍ക്കുന്നു എന്നത് കാസര്‍കോടിന്റെ ശാപമായി മാറുമ്പോള്‍ തന്നെ ഇവിടത്തെ സാധാരണക്കാരുടെ ജീവിതത്തിനും സ്വത്തിനും സുരക്ഷ ഇല്ലാതാവുകയാണ്. കാസര്‍കോട്ടുകാരുടെ സാമ്പത്തിക സ്രോതസ്സില്‍ വലിയൊരു ശതമാനം പ്രവാസികളെ ആശ്രയിച്ചെന്നിരിക്കെ ഇപ്പോള്‍ പ്രവാസികള്‍ നേരിടുന്ന തൊഴിലില്ലായ്മയാല്‍, കാസര്‍കോടിന്റെ അടിസ്ഥാന സാമ്പത്തിക സ്രോതസ്സിന് കോട്ടം തട്ടിയിരിക്കുകയാണ്.

കാസര്‍കോട് നഗരത്തിന്റെ ചുറ്റളവില്‍ വരുന്ന ചില പ്രദേശങ്ങള്‍ ജാതി തിരിച്ച് വേര്‍തിരിക്കുന്നതും ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനത്തില്‍ ഇവിടങ്ങളില്‍ അക്രമം അഴിച്ചു വിടുന്നതും ചില തത്പര കക്ഷികളുടെ രാഷ്ട്രീയ മുതലെടുപ്പാണ്. കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും എല്ലാ മതസ്ഥരും സന്തോഷപൂര്‍വ്വം ജീവിക്കുന്നു. എന്നാല്‍ ഇത്തരക്കാര്‍ക്കിടയില്‍ വര്‍ഗ്ഗീയ വിഷം കുത്തി വയ്ക്കാനുള്ള വ്യഗ്രത അടുത്ത കാലത്തായി പല കോണുകളില്‍ നിന്നും വ്യാപകമാവുകയാണ്. ഇതിന് ശാശ്വതമായി തടയിടാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് സാധിക്കുന്നില്ല എന്നുള്ളതാണ് പരമാര്‍ത്ഥം. കാസര്‍കോട്ടെ ജനങ്ങളില്‍ ഏറിയകൂറും സമാധാനകാംക്ഷികളാണ്. വര്‍ഗ്ഗീയ സങ്കര്‍ഷങ്ങളിലും അക്രമങ്ങളിലും ആത്മ സംതൃപ്തി കണ്ടെത്തുന്നത് ഒരു ചെറിയ വിഭാഗം മാത്രമാണ്. പക്ഷേ അവരെ തള്ളിപ്പറയാനോ ഒറ്റപ്പെടുത്താനോ തിരസ്‌കരിക്കാനോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും സാധിക്കുന്നില്ല എന്നതാണ് പച്ചപ്പരമാര്‍ത്ഥം. ഹര്‍ത്താലുകള്‍ കൊണ്ടും അനിഷ്ടസംഭവങ്ങള്‍ കൊണ്ടും ചിറകൊടിഞ്ഞുപോയ കാസര്‍കോടിന് കരുത്ത് പകരാന്‍ ആരു ശ്രമിക്കും എന്നാണ് ജനങ്ങള്‍ ഇടറുന്ന മനസ്സോടെ ചോദിക്കുന്നത്.