കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ കയറിയതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപര വ്യവസായി ഏകോപന സമിതി. നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ടി നസീറുദ്ദീന്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പമുള്ള 96 സംഘടനകളും ഹര്‍ത്താലിന് എതിരായി അണിനിരക്കുമെന്നും നസിറുദ്ദീന്‍ വ്യക്തമാക്കി. കടകള്‍ക്ക് നേരെ അക്രമമുണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു.
ഹര്‍ത്താലിനെ ശക്തമായി നേരിടാനും നിയമനടപടികളിലേക്ക് നീങ്ങാനുമാണ് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ തീരുമാനം. ഭാവിയില്‍ അപ്രതീക്ഷിത ഹര്‍ത്താലുകളുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും നിലപാട് സ്വീകരിച്ചു. പക്ഷേ നാളെ സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറക്കുന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായും അപ്രതീക്ഷിതമായും പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ഹര്‍ത്താലിനെ തള്ളി വ്യാപാര വ്യവസായി ഏകോപന സമിതി; ഹര്‍ത്താലിനോട് സഹകരിക്കില്ല; നാളെ കടകള്‍ തുറക്കും