
കാസർകോട്: സർക്കാർ ആശുപത്രിയിലെ ഡോക്ടർ എഴുതിക്കൊടുത്ത കുറിപ്പടിയിലെ മരുന്നിന്‍റെ അളവ് ഫാർമസി ജീവനക്കാരി തിരുത്തിയതായി പരാതി. തിങ്കളാഴ്ച്ച ഉച്ചയോടെ കാസർകോട് ജനറൽ ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച് ഡിസ്‌ക് വേദനയ്ക്ക് പുരട്ടാൻ നിർദ്ദേശിച്ച രണ്ടുബോട്ടിൽ മരുന്നാണ് രോഗിക്ക് നൽകാൻ ഇതേ ആശുപത്രിയിലെ സീനിയർ വനിതാ ഫാർമസിസ്റ് വിസമ്മതിച്ചത്.

ആവശ്യത്തിന് മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും വിതരണത്തിനുണ്ടെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ജീവനക്കാർ കാണിക്കുന്ന അലംഭാവം വ്യാപക പരാതികൾക്കിടയാക്കിയിട്ടുണ്ട്. കുറ്റിക്കോൽ സ്വദേശിയായ യുവാവിനാണ് മരുന്ന് നിഷേധിച്ചത്. സംഭവത്തെ തുടർന്ന് ആശുപത്രി സൂപ്രണ്ടിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകുമെന്നും യുവാവ് അറിയിച്ചു.
