സൗജന്യ കുടിവെള്ള പദ്ധതി ആര്‍ക്കുവേണ്ടി, കാസര്‍കോട് നഗരസഭയ്ക്കു നഷ്ടമാകുന്നത് ലക്ഷങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing സൗജന്യ കുടിവെള്ള പദ്ധതി ആര്‍ക്കുവേണ്ടി, കാസര്‍കോട് നഗരസഭയ്ക്കു നഷ്ടമാകുന്നത് ലക്ഷങ്ങള്‍

കാസര്‍കോട്: അധികൃതരുടെ അനാസ്ഥ കാരണം മുപ്പത് വര്‍ഷം മുമ്പ് ആരംഭിച്ച സൗജന്യ വഴിയോര കുടിവെള്ള പദ്ധതി അവതാളത്തില്‍. മാസം ലക്ഷക്കണക്കിന് രൂപ ഈ ഇനത്തില്‍ ജലഅതോറിറ്റിയ്ക്ക് കെട്ടിവക്കുന്നുണ്ടെങ്കിലും ഫണ്ട് മുഴുവനും  പാഴാവുകയാണെന്നാണ് പരക്കെ ആക്ഷേപം. നഗരസഭാ പരിധിയിലെ വാര്‍ഡുകളില്‍ 190 കുടിവെള്ള പൈപ്പുകളാണ് പദ്ധതിക്കായി സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇന്ന് 65 എണ്ണം മാത്രമാണ് പ്രവര്‍ത്തന യോഗ്യമായുള്ളത്. മറ്റുള്ളവയൊക്കെ പൊട്ടിയും തുരുമ്പെടുത്തും നശിച്ചിരിക്കുകയാണ്. നഗരത്തില്‍ ഒരു പൈപ്പുപോലും കാണാനില്ല. നഗരസഭ 190 ഓളം പൈപുകള്‍ക്ക് കരമായി മാസം 1,15,000 രൂപ അടക്കുന്നുണ്ട്. എന്നാല്‍ തകര്‍ന്ന് ഉപയോഗ ശൂന്യമായിക്കിടക്കുന്ന പൈപ്പുകള്‍ നന്നക്കാനാവശ്യമായ നടപടി നഗരസഭ കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. എന്നാല്‍ പൈപ്പുകള്‍ നന്നാക്കേണ്ട ഉത്തരവാദിത്വം വാട്ടര്‍ അതോറിറ്റിക്കാണെന്നും നഗരസഭയ്ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നുമാണ് ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാഹിം പറയുന്നത്. കഴിഞ്ഞ 30 വര്‍ഷമായി വാട്ടര്‍ അതോറിറ്റിക്ക് നഗരസഭ പണമടച്ചുവരുന്നുണ്ട്.

പ്രവര്‍ത്തിക്കാത്തെ പൈപ്പുകള്‍ക്കും പത്തുവര്‍ഷത്തിലേറെയായി പണമടക്കുന്നുണ്ട്. നന്നാക്കാനുള്ള നടപടിക്കുപകരം പരസ്പരം പഴിചാരാനാണ് നഗരസഭയും വാട്ടര്‍ അതോറിറ്റിയും ചെയ്യുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. നിലവിലുള്ള പൈപ്പുകളുടെ എണ്ണം കണ്ടെത്താന്‍ സര്‍വേ നടത്തുമെന്ന് നഗരസഭ പ്രഖ്യാപനം നടത്തിയിട്ട് മാസങ്ങളേറെയായി. ഉപയോഗ ശൂന്യമായതും തകര്‍ന്നതുമായ പൈപ്പുകള്‍ക്കാണ് പണമടച്ചുവരുന്നത്. പ്രവര്‍ത്തിക്കുന്ന 65 പൈപ്പുകളും നിലനിര്‍ത്തുക വഴി ആസൂത്രണമില്ലാതെ ചെലവഴിക്കുന്ന പണം ഒഴിവാക്കാമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വാട്ടര്‍ അതോറിറ്റി ബാവിക്കരയില്‍ നിന്നാണ് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. തുടക്കത്തില്‍ ദിവസംതോറും ജലമെത്തിക്കുന്നുണ്ടങ്കിലും ഇപ്പോള്‍ ഒന്നിടവിട്ടാണ് വെള്ളമെത്തുന്നത്. വേനല്‍ക്കാലമായാല്‍ ഉപ്പുവെള്ളമാണ് കുടിവെള്ളമായി ലഭിക്കുന്നുവെന്ന പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ലക്ഷക്കണക്കിന് രൂപ മാസം കുടിവെള്ളത്തിനായ് നഗരസഭ ചെവഴിക്കുന്നുണ്ടെങ്കിലും എല്ലാ പദ്ധതികളും അവതാളത്തിലാണ്.

0Shares