
കാസർകോട്: സ്‌കൂൾ കലോത്സവത്തിനായി ജില്ലയിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കുമായി അറുപത് ബസുകള്‍ സര്‍വ്വീസ് നടത്തും. ഇതിനായി കലോത്സവം, ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി സജീവമായി രംഗത്തെത്തി. റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങളിലൂടെ കലാ നഗരിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടാനുള്ള വാട്സ് ആപ്പ് സംവിധാനം നിലവില്‍ വന്നു. വിവിധ ജില്ലകളിലെ കണ്‍വീണര്‍മാര്‍ വഴി കുട്ടികളിലേക്ക് കലോത്സവ നഗരിയിലേക്കുള്ള വാട്സ് ആപ്പ് സൗകര്യം എത്തിക്കഴിഞ്ഞു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ കോ-ഓഡിനേറ്റര്‍മാരെ വാട്സ് ആപ്പ് വഴി ബന്ധപ്പെട്ട് സേവനം ആവശ്യപ്പെട്ടതായി ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കലാ നഗരിയില്‍ വണ്ടിയിറങ്ങുന്ന മത്സരാര്‍ത്ഥികള്‍ക്ക് വേദികളിലേക്ക് എത്താനും, അവര്‍ക്കായി സജ്ജീകരിച്ച വിശ്രമ മുറികളിലേക്ക് എത്തിച്ചേരാനും എത്തിക്കാന്‍ ബസ് സൗകര്യം ഉപയോഗപ്പെടുത്താം.
വേദികളില്‍ നിന്ന് വേദികളിലേക്ക് സഞ്ചരിക്കാന്‍ മത്സരാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി അന്‍പത് ബസുകള്‍ സൗജന്യ സേവനം ചെയ്യും. ഭക്ഷണപ്പുരയിലേക്കും മറ്റും സഞ്ചരിക്കാന്‍ ഫെസ്റ്റ് ഓട്ടോ രാത്രിയോടെ നഗരത്തില്‍ സജീവമാകും. മത്സരാര്‍ത്ഥികളെ നാല് വേദികള്‍ അടങ്ങിയ ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും ബസുകള്‍ വേദികളില്‍ സേവനം നടത്തുക.
