കാസര്‍കോട്: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രൈമറി വിഭാഗത്തില്‍ സര്‍വ്വശിക്ഷ അഭിയാന്റെ കീഴില്‍ സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് നിയമനത്തില്‍ ക്രമക്കേടും തട്ടിപ്പും നടത്തി അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തിയതായി പരാതി. സംഭവത്തെ തുടര്‍ന്ന് കാസര്‍കോട് എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫീസറെ എതിര്‍കക്ഷിയാക്കി കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് പരാതി നല്‍കി. 2016 നവംബര്‍ 18ന് കാസര്‍കോട് എസ്.എസ്.എ. ഓഫീസില്‍ സ്‌പെഷ്യലിസ്‌ററ് ടീച്ചേഴ്‌സ് നിയമനത്തിനായി നടത്തിയ അഭിമുഖത്തില്‍ വഴിവിട്ടുള്ള നിയമനത്തിന് റാങ്ക് ലിസ്റ്റ് ഉണ്ടാക്കിയതില്‍ അപാകതയുണ്ടെന്നും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുറ്റിക്കോല്‍ സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ പീതാംബരനാണ് നിയമനടപടിക്കുവേണ്ടി വിവരാവകാശ പ്രകാരം ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജി നല്‍കിയത്. ചിത്രകല, സംഗീതം വിഭാഗത്തില്‍ 140 (ചിത്രകല 96, സംഗീതം 44) ഉദ്യോഗാര്‍ത്ഥികളെ ഒറ്റദിവസം കൊണ്ട് അഭിമുഖം നടത്തി മാനദണ്ഡങ്ങളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും അവഗണിച്ചുവെന്നും ഹര്‍ജിയില്‍ പരാതിക്കാരന്‍ ബോധിപ്പിച്ചു. ചിത്രകല വിഭാഗത്തില്‍ 80 വയസ്സ് പ്രായമുള്ള സബ്ജക്ട് എക്‌സ്‌പേര്‍ട്ട് ഏകദേശം 4 മണിക്കൂര്‍ മാത്രം കൊണ്ട് നടത്തിയ അഭിമുഖത്തില്‍ തൊഴിലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടായില്ലെന്ന് എംപ്ലോയ്‌മെന്റ് തൊഴില്‍കാര്‍ഡ് മാനദണ്ഡമാക്കിയില്ലെന്നും പരാതിയില്‍ ഉന്നയിച്ചു.

വിദ്യാഭ്യാസ യോഗ്യതക്ക് നല്‍കിയ മാര്‍ക്കിലും അപാകതയുണ്ട്. ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളെ മറികടന്ന് അന്യജില്ലക്കാര്‍ക്ക് നിയമനം നല്‍കിയതിലും എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ മുതല്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 835 യു.പി. സ്‌കൂളുകളില്‍ 2500 ഓളം സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് 835 യു.പി. സ്‌കൂളുകള്‍ ഇത്തരം അധ്യാപക നിയമനത്തിന് അര്‍ഹത നേടിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കല, കായികം, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിലാണ് നിയമനം നടന്നത്. 29,400 രൂപയാണ് പ്രതിമാസ ശമ്പളം സര്‍ക്കാര്‍ നിശ്ചയിച്ചത്. കേരള വിദ്യാഭ്യാസ നിയമം അനുശാസിക്കുന്ന യോഗ്യത ഉള്ളവരെയാണ് നിയമിക്കേണ്ടതെന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മുന്‍ഗണനാ ക്രമത്തില്‍ അഭിമുഖം നടത്തി നിയമനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍വ്വ ശിക്ഷ അഭിയാനെ ചുമതലപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്ത് 1988 ലാണ് ഇതിനുമുമ്പ് കലാ അധ്യാപകരെ നിയമിച്ചത്. 2011 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രൈമറി വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതിയിലേക്ക് 150 കോടിയോളം രൂപ അനുവദിക്കുകയുണ്ടായി. അധ്യാപക നിയമന അഭിമുഖ്യത്തില്‍ സ്വജനപക്ഷപാതവും സ്വതാത്പര്യവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായി. ജില്ലയിലെ കഴിവും പ്രശസ്തിയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതുമൂലം അവസരം നഷ്ടമായെന്ന് ഹര്‍ജിയില്‍ പരാതിപ്പെട്ടു. കേന്ദ്ര, കേരള മനുഷ്യാവകാശ കമ്മീഷന്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ബ്യൂറോ, കേന്ദ്ര തൊഴില്‍മന്ത്രാലയം എന്നിവിടങ്ങളിലും ഇതുസംബന്ധിച്ച് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.