കാസര്‍കോട്: വേനലവധി കഴിഞ്ഞ് കുട്ടികള്‍ വീണ്ടും പള്ളിക്കൂടത്തിലേക്ക്.
സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്‌കൂള്‍ വിപണി സജീവമായി. ബാഗും കുടയും യൂനിഫോമുകളും ചെരിപ്പും, ഷൂസും വാങ്ങാനുളളവരുടെ വന്‍തിരക്കാണ് കടകളില്‍ അനുഭവപ്പെടുന്നത്. ബാഗുകള്‍, കുടകള്‍, പെന്‍സില്‍ ബോക്സുകള്‍, ടിഫിന്‍ ബോക്സുകള്‍ തുടങ്ങിയവ പല രൂപത്തിലും ഭാവത്തിലും പുതുമയോടെ വിപണികളിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച ബാഗോ, കുടയോ ഇത്തവണ ഉപയോഗിക്കാന്‍ പലര്‍ക്കും മടി. കുടുംബ ബജറ്റില്‍ ഒതുക്കി എല്ലാ സാധനങ്ങളും വാങ്ങി തിരികെ പോകാമെന്ന പ്രതീക്ഷയോടെയാണ് രക്ഷിതാക്കള്‍ വിപണിയിലെത്തുന്നത്. പാവപ്പെട്ടവനായാലും പണക്കാരനായാലും വില ഇന്ന് പലരും നോക്കുന്നില്ല. കുട്ടികളുടെ അനിഷ്ടത്തിന് ഇടവും നല്‍കുന്നില്ല. പുതുമയേറുമ്പോള്‍ വിലയും ഏറും. പെന്‍സില്‍ ബോക്സ്, ലഞ്ച് ബോക്സ്, പെന്‍സില്‍, കട്ടര്‍, പേന, സ്ലേറ്റ്, കാല്‍ക്കുലേറ്ററുകളുള്ള ബോക്സുകള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ള ലഞ്ച് ബോക്സ്, എന്നിവയുടെ വമ്പന്‍ ശ്രേണി വിപണിയില്‍ ഒരുങ്ങിക്കഴിഞ്ഞു. ബ്രാന്റുകള്‍ തമ്മില്‍ ശക്തമായ മത്സരം നടക്കുന്നത് ബാഗ് വിപണിയില്‍ തന്നെയാണ്. എല്‍.കെ.ജി തുടങ്ങി അഞ്ചുവയസിന് താഴെയുള്ള കുട്ടികളുടെ ഇഷ്ട ബ്രാന്റ് സ്‌കൂബി ഡേയും ലൂണാറുമാണ്. 300 രൂപ മുതല്‍ തുടങ്ങുന്നു ഇതിന്റെ വില. ചോട്ടാബീം, പ്രിന്‍സസ്, ഡോറ, അവഞ്ചേഴ്സ് തുടങ്ങി പല കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമായാണ് സ്‌കൂള്‍ ബാഗുകള്‍ പുറത്തിറങ്ങുന്നത്. കടുത്ത നിറങ്ങളില്‍ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമായി ചൈനീസ് ബാഗുകളും വിപണിയില്‍ ഇടം നേടിയിട്ടുണ്ട്്. മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികളാണ് ബ്രാന്റഡ് ബാഗ് പ്രേമികള്‍.
സ്‌കൂബി ഡേ, ലൂണാര്‍ എന്നീ ബാഗുകള്‍ വിപണിയിലുണ്ടെങ്കിലും സ്‌കൈബാഗ്, അമേരിക്കന്‍ ടൂറിസ്റ്റ്, ഫാസ്റ്റ്ട്രാക്ക്, വൈല്‍ഡ് ക്രാഫ്റ്റ് എന്നിവയാണ് ഏറ്റവുമധികം കുട്ടികള്‍ തേടിയെത്തുന്ന ബ്രാന്റുകള്‍. മഴ പെയ്താലും നനയാത്ത റെയിന്‍ കവറോടുകൂടിയ ബാഗുകള്‍, ലൈറ്റ് വെയിറ്റ് ബാഗുകള്‍, ബാക്ക് പാഡോടുകൂടിയ ബാഗ് എന്നിങ്ങനെയാണ് ഇത്തരം ബാഗുകളുടെ സവിശേഷതകള്‍. 700 മുതല്‍ 3500 രൂപവരെയാണ് വില. ഇവയുടെ ഡ്യൂപ്ലിക്കേറ്റും ഇന്ന് വിപണിയിലുണ്ട്. സ്‌കൂള്‍ വിപണിയില്‍ ക്ലാസ്മേറ്റ്സ്, ക്യാമല്‍ നോട്ടുപുസ്തകങ്ങള്‍ക്കാണ് പ്രിയം. അതിനിടെ നടി പ്രിയവാര്യരുടെ കണ്ണിറുക്കിയുള്ള കളര്‍ ഫോട്ടോ നോട്ട് പുസ്തകമുണ്ടോയെന്ന് ചോദിച്ച് വരുന്നവിരുതന്മാരുമുണ്ടത്രെ. ഇതിന് പുറമെ ഹൈടെക് വാട്ടര്‍ ബോട്ടിലും രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്നുണ്ട്്. സ്റ്റീലില്‍ തീര്‍ത്ത വാട്ടര്‍ ബോട്ടിലാണ് ഏവരും ഇഷ്ടപ്പെടുന്നത്. വര്‍ണക്കുടകള്‍ക്കും ബ്രാന്റഡ് കുടകള്‍ക്കും മുന്തിയ വില കൊടുക്കണം. വെള്ളം ചീറ്റുന്ന കുടകള്‍, ഞൊറികളുള്ള കുടകള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ള കുടകള്‍ എന്നിവയൊക്കെ വിദ്യാര്‍ത്ഥികള്‍ നോട്ടമിട്ടുകഴിഞ്ഞു. ത്രീ ഫോള്‍ഡ്, ഫൈവ് ഫോള്‍ഡ് കുടകളും വിപണിയിലുണ്ട്. കുട്ടികളുടെ കുടകളിലെ താരം ചൈനീസ് തന്നെയാണ്.
സ്‌കൂള്‍ തുറക്കും മുന്‍പേ സജീവമായി സ്‌കൂള്‍ വിപണി; പ്രിയവാര്യരുടെ നോട്ട് ബുക്കിന് പ്രിയം