കാസര്‍കോട്: സ്‌കൂള്‍ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന ഓട്ടോയില്‍ ജെ.സി.ബി കയറ്റിവന്ന ലോറിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവര്‍ പെരിയാട്ടടുക്കം സ്വദേശി അന്‍സാരി (35) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 9 മണിയോടെ കുണിയ ദേശീയപാതയിലാണ് അപകടം. കുണിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും അംഗണ്‍വാടിയിലേക്കും കുട്ടികളെയും കയറ്റി പോവുകയായിരുന്ന ഓട്ടോ. പൂനെയിലേക്ക് ജെ.സി.ബി കയറ്റി പോവുകയായിരുന്ന ലോറി ഓട്ടോയെ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ തെറിച്ച് മറ്റൊരുകാറിലേക്ക് വീണു. കാറിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. തുടർന്ന് ഡ്രൈവറുടെ ദേഹത്തേക്ക് ലോറി കയറിയിറങ്ങുകയും മരണം സംഭവിക്കുകയും ചെയ്തു.
കുണിയ സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥികളായ അനാമിക (ആറ്), ഫാത്വിമത്ത് സൈദ (ആറ്), റുബീന മുഹമ്മദ് (ആറ്), സിയാന (ആറ്), ഖദീജത്ത് അസ്ന (ആറ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അസ്നയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ചെങ്കളയില സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരേതനായ നിസാര്‍- നൂര്‍ജഹാന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീറ. മക്കള്‍: അന്‍സാഫ്, അര്‍ഫാസ്, ഫാത്വിമ. ഏക സഹോദരന്‍ അനസ്.