തിരുവനന്തപുരം: സ്‌കൂളില്‍ പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സംഘർഷം. പോലീസ് എത്തി വിദ്യാർത്ഥികളെ വിരട്ടിയോടിച്ചു. വര്‍ക്കല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവത്തിന് പിന്നാലെ ചില പോലിസുകാർ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചതായി ആരോപണമുയർന്നു.
സ്‌കൂളിലെ ആഘോഷത്തിനിടെയാണ് വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ചത്. ഇതിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം വന്നതോടെയാണ് പോലീസ് എത്തിയത്. ഒരു വിദ്യാര്‍ത്ഥിയെ നിലത്തിട്ട് ചവിട്ടുകയും നിരവധി വിദ്യാർത്ഥികളെ ക്രൂരമായി മർദിക്കുകയും ചെയ്തു എന്നാണ് വിദ്യാർഥികൾ പറയുന്നത്. എന്നാൽ ആരോപണം പോലീസ് തള്ളി. പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് സ്‌കൂളില്‍ എത്തിയതെന്നും പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച വിദ്യാർത്ഥികളെ ലാത്തിവീശി ഓടിക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു.