സ്വന്തമായി ഭൂമിയുണ്ടായിട്ടും സിസിലി താമസിക്കുന്നത് വാടകവീട്ടില്‍; സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമി അളന്നു കിട്ടാന്‍ 23 വര്‍ഷമായി വീട്ടമ്മ ഓഫിസ് കയറിയിറങ്ങുകയാണ്; കലക്ടറുടെ ഉത്തരവിന് പുല്ലുവില കല്‍പിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍

  • Post category:news
  • Reading time:2 mins read
You are currently viewing സ്വന്തമായി ഭൂമിയുണ്ടായിട്ടും സിസിലി താമസിക്കുന്നത് വാടകവീട്ടില്‍; സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമി അളന്നു കിട്ടാന്‍ 23 വര്‍ഷമായി വീട്ടമ്മ ഓഫിസ് കയറിയിറങ്ങുകയാണ്; കലക്ടറുടെ ഉത്തരവിന് പുല്ലുവില കല്‍പിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍


പ്രത്യേക റിപോര്‍ട്ട്

കാസര്‍കോട്: സ്വന്തമായി ഭൂമിയുണ്ടായിട്ടും 23 വര്‍ഷമായി വാടക വീട്ടില്‍ കഴിയുകയാണ് സിസിലി എന്ന വീട്ടമ്മ. സര്‍ക്കാര്‍ പതിച്ചു നല്‍കിയ 13 സെന്റ് ഭൂമി അളന്നു കൊടുക്കാത്തതാണ് പ്രശ്‌നത്തിന് കാരണം. പട്ടയം ലഭിച്ച ഭൂമിക്ക് ഇതുവരേയും നികുതിയടച്ചും വരുന്നുണ്ട്. എന്നാല്‍ കലക്ടറുടെ ഉത്തരവുണ്ടായിട്ടും റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥ ഗൗരവമായി കാണണം. എന്തുകൊണ്ട് ഭൂമി അളന്നു നല്‍കാന്‍ ഉദ്യോഗസ്ഥരെത്തുന്നില്ല?…1995 ലാണ് സിസിലിക്ക് മുളിയാര്‍ വില്ലേജിലെ മാസ്തികുണ്ട് പ്രദേശത്ത് എല്‍.എ നമ്പര്‍ പ്രകാരം സര്‍വേ നമ്പര്‍ 122/1 ഇ യില്‍ 13 സെന്റ് സ്ഥലത്തിന് സര്‍ക്കാര്‍ പട്ടയം അനുവദിച്ചു നല്‍കിയത്. ഈ ഭൂമിയ്ക്ക് 23 വര്‍ഷമായി നികുതിയടച്ചും വരികയാണ്. വീടുവയ്ക്കുന്നതിന് പട്ടയം ലഭിച്ചതിന് ശേഷം റവന്യൂ അധികൃതര്‍ക്ക് വീട്ടമ്മ അപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍ അന്നത്തെ വില്ലേജ് അധികൃതരുടെ അനാസ്ഥകാരണം നടപടി വര്‍ഷങ്ങള്‍ നീണ്ടുപോയി.ഇതേ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഈ പരാതി ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക ഉത്തരവിനെ തുടര്‍ന്ന് താലൂക്ക് സര്‍വേയറെ കൊണ്ട് ഭൂമി അളന്നു കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഭൂമി അളക്കാന്‍ പ്രദേശത്ത് എത്തിയപ്പോള്‍ ഭൂമിയോട് അതിര്‍ത്തി പങ്കിടുന്ന ഭൂ ഉടമ സഹകരിക്കാന്‍ തയ്യാറാകാതെ വിട്ടുനിന്നു. മൂന്നു പ്രാവശ്യം റവന്യൂ ജീവനക്കാരെത്തിയെങ്കിലും മറ്റു സ്വകാര്യ വ്യക്തികള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് അളക്കാനാവാതെ തിരിച്ചുപോവേണ്ടി വന്നു. സമീപ വാസികളുടെ ഭീഷണി കാരണമാണ് ജീവനക്കാര്‍ അളക്കാാന്‍ തയ്യാറാവാതെ തിരിച്ചുപോകുന്നതെന്നാണ് സിസിലിയുടെ ആരോപണം. ഇതിനിടേ വക്കീല്‍ മുഖാന്തിരം കോടതിയില്‍ ഒരു ഹരജി നല്‍കിയിരുന്നു. അന്തിമ വിധിയില്‍ അളന്നു നല്‍കാന്‍ കോടതി വിധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കാസര്‍കോട് കലക്ടര്‍ ഭൂമി അളക്കാത്തത് സംബന്ധിച്ച് തഹസിദാറോട് റിപോര്‍ട്ട് തേടിയിരുന്നു. ഒരാഴ്ചക്കകം റിപോര്‍ട്ട് നല്‍കാനായിരുന്നു കലക്ടര്‍ ഉത്തരവിട്ടത്. എന്നാല്‍ മാസം അഞ്ച് പിന്നിട്ടിട്ടും ഭൂമി അളക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. കലക്ടറുടെ ഉത്തരവിന് താഴേതട്ടിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ പുല്ലുവില കല്‍പിക്കുകയാണെന്ന് സിസിലി ആരോപിക്കുന്നു. പതിച്ചു നല്‍കിയ ഭൂമിയിലേക്ക് പ്രവേശിക്കാന്‍ പോലും അവകാശം നിഷേധിക്കുന്നതിനെ തുടര്‍ന്ന് സിസിലി മനുഷ്യാവകാശ കമ്മിഷനിലും വനിതാ കമ്മിഷനിലും പരാതി നല്‍കി കാത്തിരിക്കുകയാണ്.

0Shares