സോചി: ആവേശകരമായ ക്വാര്‍ട്ടര്‍പോരില്‍ റഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ക്രൊയേഷ്യ ലോകകപ്പ് സെമിയില്‍. ഷൂട്ടൗട്ടില്‍ 4-3 നായിരുന്നു ക്രൊയേഷ്യന്‍ ജയം. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2-2ന് അവസാനിച്ചു. ഷൂട്ടൗട്ടില്‍ റഷ്യയുടെ ഫെദോര്‍ സ്മൊളോവിനും മരിയോ ഫെര്‍ണാണ്ടസിനും പിഴച്ചു. നിര്‍ണായകമായ അവസാന കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഇവാന്‍ റാകിടിച്ച് ക്രൊയേഷ്യയുടെ സ്വപ്നം പൂര്‍ത്തിയാക്കി. ആദ്യം ഗോള്‍ നേടി അട്ടിമറിക്കരുത്ത് കാട്ടിയ റഷ്യയെ ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിലാണു ക്രൊയേഷ്യ കീഴടക്കിയത്. 120 മിനിറ്റ് കളിയില്‍ സ്‌കോര്‍ 2-2 ആയതിനെത്തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ 4-3നു വിജയിച്ചു. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണു ക്രൊയേഷ്യ ലോകകപ്പിന്റെ സെമിയിലെത്തുന്നത്. 1998ലെ ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനോടു 2-1നു തോറ്റ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായി മടങ്ങിയതാണ് മുന്‍പത്തെ മികച്ച പ്രകടനം.
സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ നേരിടും. ലോകകപ്പില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും നാടകീയമായ മല്‍സരത്തില്‍, ക്രൊയേഷ്യന്‍ താരങ്ങളുടെ മല്‍സരപരിചയവും വ്യക്തിഗത മികവുമാണ് ഷൂട്ടൗട്ടില്‍ അവരെ അനുഗ്രഹിച്ചത്. റഷ്യന്‍ താരം ഫ്യോദോര്‍ സ്മോളോവ് എടുത്ത ഷൂട്ടൗട്ടിലെ ആദ്യ കിക്ക് ക്രൊയേഷ്യന്‍ ഗോളി ഡാനിയല്‍ സുബാസിച്ച് തടുത്തു.ക്രൊയേഷ്യയുടെ രണ്ടാം കിക്കെടുത്ത മാറ്റിയോ കൊവാച്ചിച്ചിന്റെ ഷോട്ട് റഷ്യന്‍ ഗോളി ഇഗോര്‍ അകിന്‍ഫീവ് കൂടി തടുത്തതോടെ ഷൂട്ടൗട്ടിലും നാടകീയതയായി. എന്നാല്‍, റഷ്യയുടെ മൂന്നാം കിക്ക് എടുത്ത, മാരിയോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് പുറത്തേക്കു പോയതോടെ കളി ക്രൊയേഷ്യക്കാരുടെ പക്കലായി. പിന്നീടാരും കിക്കുകള്‍ പാഴാക്കാതെ വന്നതോടെ 4-3നു ക്രൊയേഷ്യന്‍ വിജയം യാഥാര്‍ഥ്യമായി. ആതിഥേയര്‍ എന്ന നിലയ്ക്കു ലോകകപ്പിനു യോഗ്യത നേടിയ റഷ്യ, ഫിഫ റാങ്കിങ്ങില്‍ 70-ാം സ്ഥാനക്കാരാണു തങ്ങളെന്നു മറന്ന പോരാട്ടവീര്യമാണു കളത്തില്‍ കാഴ്ചവച്ചത്.
ഫിഫ റാങ്കിങ്ങില്‍ ഇരുപതാം സ്ഥാനത്തുള്ള ക്രൊയേഷ്യ പലഘട്ടത്തിലും റഷ്യന്‍ പോരാട്ടവീര്യത്തിനു മുന്നില്‍ അടിപതറുകയും ചെയ്തു. 31-ാം മിനിറ്റില്‍ ഡെനിസ് ചെറിഷേവിലൂടെ റഷ്യ ലീഡ് നേടിയപ്പോള്‍ തന്നെ കളിയിലെ നാടകീയത മറനീക്കി പുറത്തു വന്നു. എട്ടു മിനിറ്റിന്റെ വ്യത്യാസത്തില്‍ ആന്ദ്രേ ക്രമാറിച്ചിലൂടെ ക്രൊയേഷ്യ 1-1 സമനില പിടിച്ചു. എന്നാല്‍, പിന്നീടങ്ങോട്ട് ഗോള്‍ വഴങ്ങാതെ നോക്കിക്കളിച്ച റഷ്യയുടെ പ്രതിരോധം മറികടക്കാന്‍ 90 മിനിറ്റ് സമയത്ത് ക്രൊയേഷ്യയ്ക്കായില്ല. ഇരമ്പുന്ന ഗാലറിയുടെ പിന്തുണയും സ്വന്തം മണ്ണിന്റെ മണവും റഷ്യന്‍ താരങ്ങളുടെ കരുത്ത് വര്‍ധിപ്പിച്ചു. എക്സ്ട്രാ ടൈമിലേക്കു നീണ്ട കളിയുടെ 101-ാം മിനിറ്റില്‍ ഡൊമഗോജ് വിദയിലൂടെ ക്രൊയേഷ്യ 2-1 ലീഡെടുത്തു. ക്രൊയേഷ്യ ജയിച്ചെന്നുറപ്പിച്ച ഘട്ടത്തില്‍, കളി തീരാന്‍ അഞ്ചുമിനിറ്റുള്ളപ്പോള്‍ മാരിയോ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഗോളിലൂടെ റഷ്യ വീണ്ടും സമനില പിടിച്ചു(2-2).
സ്വന്തം മണ്ണില്‍ നിന്നും മടക്കം; റഷ്യയെ പരാജയപ്പെടുത്തി 20 വര്‍ഷത്തിന് ശേഷം ക്രൊയേഷ്യ ലോകകപ്പ് സെമിയില്‍