
കൂടത്തായി പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാനായി കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ടോം തോമസിന്റെ പേരില്‍ തയ്യാറാക്കിയത് രണ്ടു വ്യാജവിൽപ്പത്രങ്ങൾ.ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തിന് മുൻപാണ് ഒരെണ്ണം തയ്യാറാക്കിയിരുന്നത്. എന്നാൽ റോയ് മരണപ്പെട്ട ശേഷവും മറ്റൊന്നുകൂടി തയ്യാറാക്കി.
ഇതിൽ ആദ്യം തയ്യാറാക്കിയ വില്‍പത്രത്തിന് സാക്ഷികളില്ല. അതായത് റോയ് ജീവിച്ചിരിക്കുമ്പോൾ തയാറാക്കിയ ആദ്യത്തെ വില്പത്രത്തിനാണ് സാക്ഷികളില്ലാത്തത്. എന്നാല്‍ റോയിയുടെ മരണത്തിന്ശേഷം തയാറാക്കിയ രണ്ടാമത്തെ വില്‍പ്പത്രത്തില്‍ രണ്ടു സാക്ഷികള്‍ ഒപ്പിട്ടിട്ടുണ്ട്.

ഈ ആധാരം നോട്ടറി അറ്റസ്റ്റേഷന് നടത്തി രേഖയാക്കിയിട്ടുണ്ട്. എന്നാല്‍ അറ്റസ്റ്റേഷന് നടത്തിയ തിയതി വില്‍പ്പത്രത്തില്‍ ഇല്ല. മാത്രമല്ല, രണ്ടാമത്തെ വിൽപത്രത്തിൽ സാക്ഷിയായി ഒപ്പിട്ട ഒരാൾ സി.പി.എം മുൻ ലോക്കൽ സെക്രട്ടറി മനോജായിരുന്നു. രണ്ടാമത്തെ വ്യാജവിൽപ്പത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു ഭൂമികൈമാറ്റം നടത്തിയത്. ഈ വില്‍പ്പത്രമാണ് റോയിയുടെ സഹോദരന് റോജോയില്‍ സംശയം സൃഷ്ടിച്ചതും മരണം സംബന്ധിച്ച ദുരൂഹതകള്‍ അഴിയുന്നതിലേക്ക് നയിച്ചതും.
