സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ്, അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പ് എന്നിവ പോലെ നിര്‍ണ്ണായകമാണ് ഈ തെരഞ്ഞെടുപ്പും

  • Post category:news
  • Reading time:2 mins read
You are currently viewing സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ്, അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പ് എന്നിവ പോലെ നിര്‍ണ്ണായകമാണ് ഈ തെരഞ്ഞെടുപ്പും

“സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ്, അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പ് എന്നിവ പോലെ നിര്‍ണ്ണായകമാണ് ഈ തെരഞ്ഞെടുപ്പും. ഒരുപക്ഷെ, ആദ്യ തെരഞ്ഞെടുപ്പിനേക്കാള്‍ നിര്‍ണ്ണായകം. ഇന്ത്യ എന്ന ആശയം എന്തായിരിക്കണം, എങ്ങിനെയായിരിക്കണം എന്ന് ചര്‍ച്ചചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാണിത് എന്നതാണ് നിര്‍ണ്ണായകമെന്ന് പറയാന്‍ കാരണം. ഇന്ത്യയെക്കുറിച്ച് പറയുമ്പോള്‍ നമ്മളെപ്പോഴും നാനാത്വത്തിലെ ഏകത്വം എന്ന് പറയാറുണ്ട്‌. നാനാത്വം എന്നത് പ്രത്യേകം ചര്‍ച്ച ചെയ്യുകയോ അതേക്കുറിച്ച് ചിന്തിക്കുക തന്നെയോ ചെയ്യേണ്ട കാര്യമില്ല. ചോദ്യം ആവശ്യമില്ലാത്തവിധം അതൊരു യാഥാര്‍ത്ഥ്യമാണ്. സൂര്യന്‍ കിഴക്ക് ഉദിക്കുന്നതുപോലുള്ള യാഥാര്‍ത്ഥ്യം.”

“എന്നാല്‍ ഇപ്പോള്‍ അത് വെല്ലുവിളിക്കപ്പെടുകയാണ്. നാനാത്വത്തിലെ ഏകത്വത്തില്‍ നിന്ന് നാനാത്വമങ്ങ് പോയി.ഏകത്വത്തിലേയ്ക്ക് മാത്രമായി ചുരുങ്ങി. നമ്മളിപ്പോള്‍ അതിനെ തിരിച്ചിടെണ്ട കാലമാണെന്ന് തോന്നുന്നു. നാനാത്വത്തിലെ ഏകത്വത്തെ, ഏകത്വത്തിലെ നാനാത്വമായാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. അങ്ങിനെയൊരു സാഹചര്യം വന്നു ചേര്‍ന്നിരിക്കുന്നു. നമ്മള്‍ ഇന്ത്യക്കാരാണെന്ന് എങ്ങിനെയാണ് അറിയുക? ഴാങ്ങ് ബോദ്ര ലാദ് ചോദിച്ച ചോദ്യമുണ്ട്. നിങ്ങളൊരു മനുഷ്യനാണെന്ന് നിങ്ങളെങ്ങിനെയാണ് അറിയുക എന്ന്. നിര്‍മ്മിതബുദ്ധിയുടെ കാലത്ത്, വിവര സാങ്കേതികവിദ്യ അങ്ങിനെയങ്ങ് വളര്‍ന്നുവരുന്ന ഒരുകാലത്ത് നിങ്ങളെങ്ങിനെയാണ് അതറിയുക?”

“ആ ചോദ്യം ഇന്ത്യന്‍ പശ്ചാത്തലത്തിലേയ്ക്ക് പറിച്ചുനട്ടാല്‍, എങ്ങിനെ അറിയാം നിങ്ങള്‍ ഒരിന്ത്യക്കാരനാണെന്ന് എന്നായി മാറും. നമ്മളെല്ലാം ധരിച്ചുവച്ചിരിക്കുന്നത് നമ്മള്‍ ഇന്ത്യക്കാരാണ് എന്നാണ്. ഇന്ത്യയില്‍ ജനിച്ചു എന്നതാണ് നമ്മള്‍ ഇന്ത്യക്കാരാണ് എന്നതിന് നമ്മുടെ ഒരേയൊരു പാസ്സ്പോര്‍ട്ട്. നാനാത്വത്തിലെ ഏകത്വം ചോദ്യം ചെയ്യപ്പെടാനാകാത്തതാണ് എന്ന് ധരിച്ചതുപോലെ തന്നെ ഇതുവരെ ധരിച്ചുവച്ചിരുന്നത് നമ്മുടെ ഇന്ത്യത്വം എന്നത് തെളിയിക്കേണ്ട ആവശ്യമില്ല; ചോദ്യം ചെയ്യപ്പെടാനാകാത്തതാണ് എന്നായിരുന്നു.ഇവിടെ വൃക്ഷങ്ങള്‍ ഉണ്ടാകുന്നതുപോലെ സ്വാഭാവികമാണത്. ആരും വൃക്ഷങ്ങളുടെ ദേശീയതയും വിധേയത്വവും ചോദിക്കാറില്ലല്ലോ. അതേപോലെ, ഇവിടത്തെ ഏതൊരു പുല്‍ക്കൊടിയെയും പോലെ നമ്മളെല്ലാവരും ഇന്ത്യക്കാരാണെന്ന് ധരിച്ചുവച്ചിരുന്ന സ്ഥിതിവിശേഷത്തില്‍ നിന്നുകൊണ്ട് ഒരു പ്രത്യേക വിഭാഗക്കാര്‍ക്കെങ്കിലും അവരുടെ ഇന്ത്യത്വം അഥവാ ദേശീയത തെളിയിക്കേണ്ട ഒരു സാഹചര്യം സൃഷിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഇന്ത്യ എന്ന ആശയത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ് എന്ന് പറയുന്നത്.”

“ഇന്ത്യ എന്ന ആശയം ജാതിനിബദ്ധമായിരിക്കണോ, മതനിബദ്ധമായിരിക്കണോ, അത് സാംസ്കാരികമായ ഏകത്വത്തിലേയ്ക്ക് പോകുന്ന ഒരു സംഗതിയാണോ, അതോ ഭരണഘടനയില്‍ പറയുന്നതുപോലെ നീതിക്ക് വേണ്ടിയും സ്വാതന്ത്ര്യത്തിനുവേണ്ടിയും സമത്വത്തിനുവേണ്ടിയും നിലകൊള്ളുന്ന ഒന്നാകണോ?”

“ഇന്ത്യ എന്നത് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നതുപോലെ “വി ദി പീപ്പിള്‍” ആണോ എന്ന ചോദ്യം കൂടിയാണത്. ഭരണഘടനാ ശില്‍പ്പികള്‍ വളരെ ബോധപൂര്‍വ്വം പറഞ്ഞിരിക്കുന്നതാണത്. “വി ദി സിറ്റിസന്‍” എന്നല്ല പറഞ്ഞിരിക്കുന്നത്. പൌരത്വം എന്നത് ഒരടഞ്ഞ അദ്ധ്യായമല്ല. അതുകൊണ്ടാണ് നാം ഇന്ത്യയിലെ ജനങ്ങളെല്ലാവരും കൂടി ചേര്‍ന്നതാണ് ഇന്ത്യ എന്ന് പറയുന്നത്. ആ ഇന്ത്യ എന്ന ആശയത്തിന് വ്യക്തത വരുത്താനുള്ള തെരഞ്ഞെടുപ്പാണിത്.”

(ഈ ലക്കം “സമകാലിക മലയാളത്തില്‍.” സാമൂഹിക നിരീക്ഷകനും ഇടതുപക്ഷ ചിന്തകനുമായ ഡോ.ജെ.പ്രഭാഷുമായി പി. എസ് റംഷാദ് നടത്തിയ അഭിമുഖത്തില്‍ നിന്നും)

0Shares