സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ചൂഷണങ്ങൾക്കെതിരെ കാസർകോട്ട് പ്രതിഷേധം കനക്കുന്നു; ആശുപത്രിയിലെത്തുന്ന രോഗികൾക്ക് എന്ത് സുരക്ഷ..?

  • Post category:news
  • Reading time:2 mins read
You are currently viewing സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ചൂഷണങ്ങൾക്കെതിരെ കാസർകോട്ട് പ്രതിഷേധം കനക്കുന്നു; ആശുപത്രിയിലെത്തുന്ന രോഗികൾക്ക് എന്ത് സുരക്ഷ..?

കാസർകോട്: കാസർകോട്ടെ സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ചൂഷണത്തിനെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം കനക്കുന്നു. ദിവസങ്ങൾക്ക് മുന്‍പ് കാസർകോട്ടെ അരമന ആശുപത്രയിൽ നടന്ന ചികിത്സാ പിഴവ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നതാണ് പ്രതിഷേധത്തിന് കാരണം.

കാസർകോട് ഫോർട്ട് റോഡിൽ താമസിക്കുന്ന ഷെഫീഖിന്‍റെ ഭാര്യ ഹാജറയാണ് ഡോക്ടറുടെ അശ്രദ്ധ കാരണം ദുരിതം അനുഭവിക്കേണ്ടി വന്നത്. പല്ലിന് റൂട്ട് കനാല് ചെയ്യാനായിരുന്നു ഹാജറ ആശുപത്രയിൽ എത്തിയത്. ഇതിനിടെ മരുന്ന് മാറി നല്‍കിയെന്നാണ് ആരോപണം. മരുന്ന് മാറിയതിനാൽ ഉണ്ടായ ആരോഗ്യ പ്രശ്നം അതെ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലുമായി ദിവസങ്ങളോളം ചികിൽസിച്ചാണ് ഭേദമായത്. ഈ ദിവസങ്ങളിൽ ഹാജറായും കുടുംബവും അനുഭവിച്ച ശാരീരികവും മാനസികവുമായ വേദന ആശുപത്രി അധികൃതർ നിസാരവൽകരിച്ചു വെന്നും പറയപ്പെടുന്നു.

ഇതുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. അരമന ആശുപത്രി എം.ഡിയും ഡോക്ടറുമായ സക്കറിയ പരാതികരനോട് സംസാരിക്കുന്നതാണ് പുറത്തുവന്ന ശബ്ദ രേഖയിലുള്ളത്. ‘ആശുപത്രികളിൽ ചികിത്സാ പിഴവുണ്ടാകുന്നത് സേവാഭാവികമാണ്. എന്‍റെ ആശുപത്രയിൽ തന്നെ മൂന്നുപേർ മരിക്കാനിടയായ സംഭവവും ഉണ്ടായിട്ടുണ്ടെ’ന്നും ഡോക്ടർ പറയുന്നുണ്ട്.

ചികിത്സാ പിഴവുമായി ബന്ധപ്പെട്ട കേസുകളില്‍ ഡോക്ടറുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടിയെടുക്കാന്‍ നിയമമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷത്തിനിടയില്‍ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഒരു ഡോക്ടറുടെ പോലും രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടില്ല, ഒരു ഡോക്ടറെ പോലും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിട്ടുമില്ല. ഇത് വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് നിയമ നടപടികളില്‍ അവലംബിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഡോക്ടര്‍ക്ക് ചികിത്സാ പിഴവ് സംഭവിച്ചതായി പരാതിയുണ്ടെങ്കില്‍ മറ്റൊരു വിദഗ്ധ ഡോക്ടര്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കണം. എന്നാല്‍ സഹപ്രവര്‍ത്തകനായ ഡോക്ടറുടെ വീഴ്ചയെപ്പറ്റി സത്യസന്ധമായി അഭിപ്രായം രേഖപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറാവാത്തത് രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നീതി നിഷേധിക്കപ്പെടാന്‍ കാരണമാവുന്നു.

രോഗികള്‍ക്ക് ചികിത്സക്കിടെ ഉണ്ടായേക്കാവുന്ന ആപത്തുകള്‍ക്കെതിരെ മുന്‍കരുതല്‍ എടുക്കാത്തത്, പിഴവ് സംഭവിച്ച ശേഷം അത് രോഗിയില്‍ നിന്നോ അടുത്ത ബന്ധുക്കളില്‍ നിന്നോ മറച്ചുവെക്കുന്നതും ചികിത്സ വൈകിപ്പിച്ച് രോഗിയുടെ നില അതീവ ഗുരുതരമാക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ആക്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റക്കാരായ ഡോക്ടര്‍മാരെ കണ്ടെത്തി നടപടിയെടുക്കാന്‍ കഴിയണം. ഇതിന് മുതിരാത്തിടത്തോളം കാലം ചികിത്സാ പിഴവുകള്‍ വാര്‍ത്തകളിലും പരാതിയിലും മാത്രം ഒതുങ്ങും.

0Shares