സ്പെയ്ന്‍: സ്പാനിഷ് ലീഗല്‍ ബാഴ്സലോണക്ക് അപ്രതീക്ഷിത തോല്‍വി. ലീഗിലെ എതിരാളികളയ ലവാന്റെയോടാണ് ബാഴ്സലോണ ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്. ഈ സീസണില്‍ 37 മത്സരങ്ങളില്‍ വിജയവുമായി മികച്ച ഫോമിലുള്ള ബാഴ്സ ആദ്യമായാണ് ഒരു തോല്‍വി ഏറ്റുവാങ്ങുന്നത്. ലവാന്റെ താരം ഇമാനുവല്‍ ബോട്ടിങും ബാഴ്സ താരം കുട്ടീഞ്ഞ്യോയും ഹാട്രിക് സ്വന്തമാക്കി. ഒരു മത്സരത്തില്‍ പോലും തോല്‍വി അറിയാതെ ലാ ലിഗ കിരീടം സ്വന്തമാക്കാമെന്ന കറ്റാലന്‍മാരുടെ സ്വപ്നങ്ങളാണ് ലവാന്റയില്‍ തട്ടി തകര്‍ന്നത്. സൂപ്പര്‍താരം ലയണല്‍ മെസ്സിയില്ലാതെ ലവന്റെയുടെ തട്ടകത്തില്‍ പന്തുതട്ടാനിറങ്ങിയ ബാഴ്സക്ക് തുടക്കത്തില്‍ തന്നെ പിഴച്ചു. ഒമ്പതാം മിനുട്ടില്‍ ഇമാനുവല്‍ ബോട്ടിങ് ലവാന്റെയുടെ ആദ്യ ഗോള്‍ നേടി. 30ാം മിനുട്ടില്‍ ബോട്ടിങ് ലീഡ് ഉയര്‍ത്തിയെങ്കിലും 38ാം മിനുട്ടില്‍ ഫിലിപ് കുട്ടീഞ്ഞ്യോ ആദ്യ ഗോള്‍ മടക്കി.
ഒന്നാം പകുതി അവസാനിക്കുമ്പോള്‍ സ്‌കോര്‍ 2-1. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലവാന്റെയുടെ മൂന്നാം ഗോള്‍. ഇത്തവണ ലക്ഷ്യം കണ്ടത് എനനിസ് ബര്‍ദീ. 49ാം മിനുട്ടില്‍ ബോട്ടിങ് ഹാട്രിക് തികച്ചതോടെ സ്‌കോര്‍ 4-1. 56ാം മിനുട്ടില്‍ ബര്‍ദ്ദിയുടെ രണ്ടാം ഗോളും. വലിയ തോല്‍വിയിലേക്ക് എന്ന് തോന്നിച്ച ഘട്ടത്തില്‍ അടുത്തിടെ രണ്ട് ഗോളുമായി കുട്ടീഞ്ഞ്യോ ബാഴ്സക്ക് പ്രതീക്ഷ നല്‍കി. 71ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ സുവാരസും ലക്ഷ്യം കണ്ടു. സമനിലക്കായി അവസാന ഇരുപത് മിനുട്ട് ബാഴ്സ താരങ്ങള്‍ ഏറെ പൊരുതിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ 5-4ന് ലെവന്റെ കളി പിടിച്ചു. ലെവാന്റയോട് തോല്‍വിയറിഞ്ഞങ്കിലും ലീഗില്‍ ബാഴ്സ പോയന്റ് പട്ടികയില്‍ ഏറെ മുന്നിലാണ്.
സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി