കാസര്‍കോട്: വര്‍ഷങ്ങളായി വിവിധ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും ഭൂമി സംബന്ധിച്ച പരാതിക്ക് പരിഹാരമില്ലാത്തതിനെ തുടര്‍ന്ന് മധ്യവസ്‌ക്കന്‍ മൊബൈല്‍ ടവറില്‍ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി.
കാറഡുക്ക നെല്ലിയടുക്ക സ്വദേശി പി.കെ. മോഹന്‍ദാസാ(64) ണ് ആത്മഹത്യക്കൊരുങ്ങിയത്. വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെ കാസര്‍കോട് കലക്ടറേറ്റ് വളപ്പിലാണ് നാടകീയ സംഭവം അരങ്ങേറിയത്. 24 മണിക്കൂറിനകം താന്‍ ഉന്നയിച്ച ആവശ്യത്തിന് പരിഹാരമാകുന്നില്ലെങ്കില്‍ ജീവന്‍ കളയുമെന്നാണ് മോഹന്‍ദാസ് ഭീഷണി മുഴക്കിയത്.
പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം അനുനയിപ്പിച്ച് ഇയാളെ താഴെയിറക്കി. ഒരു വാഹനാപകടത്തില്‍ വൈകല്യം ബാധിച്ച മോഹന്‍ദാസിന്റെ കാറടുക്ക വില്ലേജിലെ 1.5 സെന്റ് സ്ഥലം കോടതി അലക്ഷ്യം കാട്ടി ലേലവില്‍പ്പന നടത്തിയിരുന്നു. ഈ നടപടി പിന്‍വലിച്ച് ഭൂമിയും 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നീര്‍ച്ചാല്‍ വില്ലേജ് സബ്ഡിവിഷനിലെ 144 സെന്റ് സ്ഥലം പൂര്‍ണ്ണമായും ഉടമസ്ഥതയിലാക്കി തരണമെന്നുമാണ് മോഹന്‍ദാസിന്റെ പ്രധാന ആവശ്യം.
ജില്ലാ കലക്ടറോടും ടവറിന്‍ മുകളില്‍ നിന്ന് മോഹന്‍ദാസ് തന്റെ ആവശ്യമുന്നയിക്കുകയായിരുന്നു. രേഖാ മൂലം പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ ടവറില്‍ നിന്ന് താഴെ ഇറങ്ങുകയുള്ളൂവെന്നും അല്ലെങ്കില്‍ ജീവനൊടുക്കുമെന്നും ഗൃഹനാഥന്‍ കൂടിയായ മോഹന്‍ദാസ് മൊബൈല്‍ ഫോണില്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. തഹസില്‍ദാര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ അനുനയനീക്കം നടത്തിയെങ്കിലും താഴെയിറക്കാന്‍ ഒരുങ്ങിയില്ല. പിന്നീട് ഫയര്‍ഫോഴ്‌സ് നടത്തിയ ഇടപെടലിലൂടെ ഇയാളെ താഴെയിറക്കി. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാനഗര്‍ സി.ഐ. എ. അനില്‍കുമാര്‍, എസ്.ഐ മാരായ. അനൂപ് കുമാര്‍, പി. അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. സംഭവം കാണാന്‍ നിരവധി പേര്‍ കലക്ടറേറ്റ് വളപ്പില്‍ തടിച്ചുകൂടിയിരുന്നു.
സ്ഥലസംബന്ധമായ പരാതി തീര്‍ക്കാന്‍ സര്‍ക്കാര്‍ ഓഫിസ് കയറി മടുത്തു; മണിക്കൂറോളം ജനങ്ങളെയും പോലിസിനെയും മുള്‍മുനയില്‍ നിര്‍ത്തി മൊബൈല്‍ ടവറില്‍ കയറി മധ്യവയസ്‌കൻ്റെ ആത്മഹത്യാ ശ്രമം