
കാസര്‍കോട്: സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്തെ പുതുതായി രൂപീകരിച്ചതുള്‍പ്പെടെ എല്ലാ താലൂക്കുകളിലും അടുത്ത വര്‍ഷം തന്നെ ആര്‍. ടി ഓഫീസ് സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു. ഭൂമിയുടെ ലഭ്യതക്കുറവ് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവാതിരിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥലം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടുണ്ട്. ഇത് പ്രകാരം എല്ലാ താലൂക്കുകളിലും ആധുനിക സൗകര്യങ്ങളോടെയുള്ള പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനം എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. പ്രാകൃതമായ ഡ്രൈവിങ് ടെസ്റ്റ് രീതികളില്‍ നിന്നും അത്യാധുനിക സങ്കേതങ്ങളുടെ സഹായത്തോടെയുള്ള കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിങ് സ്റ്റേഷനിലേക്ക് മാറുന്നത് അപകടരഹിതമായ ഗതാഗത സംവിധാനം ഉറപ്പു വരുത്താന്‍ സഹായിക്കും. സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഈ അത്യാധുനിക സംവിധാനം നിലവില്‍ വന്നു. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും.
അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യമായ ഡ്രൈവിങ് ലൈസന്‍സിന് സംവിധാനം വിദേശ രാജ്യങ്ങളിലും സ്വീകാര്യമായ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള പരിശീലന കേന്ദ്രം മലപ്പുറത്ത് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു. ഷാര്‍ജ ഭരണാധികാരിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. പദ്ധതിക്കായി 35 കോടി രൂപയുടെ ഭരണാനുമതി ധനകാര്യ വകുപ്പ് നല്‍കിയതായി മന്ത്രി പറഞ്ഞു.
