സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈൽ ക്യാമറ ഓൺചെയ്ത് വച്ച നിലയിൽ; പ്രതിയെ പിടികൂടി പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈൽ ക്യാമറ ഓൺചെയ്ത് വച്ച നിലയിൽ; പ്രതിയെ പിടികൂടി പോലീസ്

കാസർകോട്: ഹോട്ടലിലെ സ്ത്രീകള്‍ ഉപയോഗിക്കുന്ന ശുചിമുറിയിൽ മൊബൈൽ ക്യാമറ വച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കാസർകോട് പഴയ ബസ്‌സ്‌റ്റാൻഡിന് സമീപത്തെ ഹോട്ടലിലെ സ്ത്രീകളുടെ ശുചിമുറിയിലായിരുന്നു മൊബൈൽ ക്യാമറ ഓൺചെയ്ത് വച്ച നിലയിൽ ശുചിമുറിയിലെത്തിയ സ്ത്രീകള്‍ കണ്ടത്. കാസര്‍കോട് ആലമ്പാടി എർമാളം ഹൗസിലെ സമീറി (26)നെയാണ് കാസർകോട് എസ്.ഐ പി. നളിനാക്ഷന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.


ശുചിമുറിയില്‍ ക്യാമറ കണ്ട സ്ത്രീകള്‍ ഹോട്ടൽ അധികൃതരെ വിവരമറിയിച്ച സമയം സമീര്‍ ഇവിടെ എത്തുകയും മൊബൈൽ ഫോൺ എടുത്തുകൊണ്ടുപോകുകയും ചെയ്തിരുന്നു. തന്‍റെ ഫോണും വാഹനത്തിന്‍റെ താക്കോലും ശുചിമുറിയിൽ മറന്നുപോയെന്ന് ഇയാള്‍ ഹോട്ടലില്‍ പറയുകയും ചെയ്തു.

ഈ വാക്കുകളില്‍ വിശ്വാസം വരാതെ ഹോട്ടൽ അധികൃതർ സംഭവം സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഹോട്ടലിലെ സി.സി ടി.വി പരിശോധിച്ചപ്പോൾ സമീർ വരുന്നതും പോകുന്നതുമായ ദൃശ്യങ്ങൾ കണ്ടെത്തുകയും തുടർന്ന് ഇയാളെ ചോദ്യം ചെയ്‌തപ്പോള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.

ഇയാള്‍ പകര്‍ത്തിയ ശുചിമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ കണ്ടെത്തിയതിനെ തുടർന്നാണ്‌ അറസ്റ്റ് രേഖപ്പെടുത്തിയത്‌. ഇതിന് മുന്‍പും ഇയാള്‍ ശുചിമുറിയിൽ ക്യാമറ വച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്‌. അറസ്റ്റിന് ശേഷം കാസർകോട്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.

0Shares