സ്കൂൾ സ്വാതന്ത്ര്യദിന പരിപാടിയിൽ സ്വകാര്യ ബാങ്ക് അധികൃതർ; കുട്ടികളുടെ സമ്പാദ്യം സേവിങ് അകൗണ്ട് വഴി ബാങ്കിലേക്ക് മാറ്റാനുള്ള ശ്രമമെന്ന് പരാതി; സംഭവം വിവാദത്തിൽ

  • Post category:news
  • Reading time:1 min read
You are currently viewing സ്കൂൾ സ്വാതന്ത്ര്യദിന പരിപാടിയിൽ സ്വകാര്യ ബാങ്ക് അധികൃതർ; കുട്ടികളുടെ സമ്പാദ്യം സേവിങ് അകൗണ്ട് വഴി ബാങ്കിലേക്ക് മാറ്റാനുള്ള ശ്രമമെന്ന് പരാതി; സംഭവം വിവാദത്തിൽ

കാസർകോട്: സ്കൂൾ സ്വാതന്ത്ര്യദിന പരിപാടിയിൽ സ്വകാര്യ ബാങ്ക് അധികൃതരെ വേദിയിലിരുത്തി ആഘോഷമാക്കിയതായി രക്ഷിതാക്കളുടെ പരാതി. കുട്ടികളുടെ സമ്പാദ്യം കൈപ്പിടിയിലാക്കാനുള്ള പരിപാടിയുമായാണ് കുറ്റിക്കോലിലെ സർവീസ് സഹകരണ ബാങ്ക്‌ അധികൃതർ എത്തിയത്. കുറ്റിക്കോൽ എ.യൂ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജെ ലിസി ഉദ്ഘാടനം ചെയ്‌ത പരിപാടി നടന്നുകൊണ്ടിരിക്കെ മുൻകൂട്ടി തീരുമാനിക്കാതെ ബാങ്ക് അധികൃതർ വേദിയിൽ കയറിയിരിക്കുകയായിരുന്നു. സ്കൂളിലെ നാനൂറോളം കുട്ടികളുടെ കൈവശമിരിക്കുന്ന സമ്പാദ്യം സേവിങ് അകൗണ്ട് വഴി ഈ സ്വകാര്യ ബാങ്കിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് പറയുന്നു.

വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യുടെ അകൗണ്ട് തുറക്കാൻ സർക്കാർ നിർദ്ദേശമുണ്ടെങ്കിലും സ്വകാര്യ ബാങ്കിനുവേണ്ടി സ്‌കൂൾ അധികൃതർ ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് രക്ഷിതാക്കൾ. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ച പരിപാടിയിൽ കേരള ജനതയുടെ കണ്ണീരൊപ്പാൻ പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നും ആക്ഷേപമുണ്ട്. സംഭവം കുറ്റിക്കോലിൽ വിവാദമായിട്ടുണ്ട്.

0Shares