
കാസര്‍കോട്: 28 വര്‍ഷത്തിന് ശേഷമെത്തുന്ന കലോത്സവത്തെ വരവേല്‍ക്കാൻ കാസര്‍കോട് സജ്ജമായി. രാവിലെ ഒമ്പതുമണിക്ക് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്തതോടെ ഭാഷയുടെയും സംസ്കാരത്തിന്റെയും പഴമയുടെ മണ്ണിൽ ഇന്ന്മുതല്‍ വർണരാജി വിരിയുകയാണ്. കലയുടെ പുതുവസന്തം എഴുതിച്ചേർക്കുന്ന കൗമാരം 28 വേദികളിൽ പുതിയ ചരിത്രമെഴുതാൻ ഒരുങ്ങി.

12000ത്തോളം പ്രതിഭകളാണ് കലയുടെ പുതിയ കേരള സൃഷ്ടിക്ക് ഭാഷ സംസ്കാര വൈജാത്യത്തിന്റെ ഭൂമികയിൽ ഒത്തുചേരുന്നത്. കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ഇന്നത്തെ പ്രധാന മത്സരയിനങ്ങള്‍.
സ്കൂള്‍ കലോത്സവത്തിന് കൊടിയേറ്റിയത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവൻബാബുവായിരുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, സി. രവീന്ദ്രനാഥ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി ചലച്ചിത്രതാരം ജയസൂര്യ എന്നിവര്‍ പങ്കെടുത്തു.. മത്സരങ്ങളില്‍ ഒരിനത്തിന് മൂന്ന് വിധികർത്താക്കൾ വീതം 717 വിധികർത്താക്കളാണുള്ളത്. വിധിനിർണയത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വിജിലൻസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദേശീയപാതയോരത്ത് ഐങ്ങോത്താണ് പ്രധാന വേദി.
