സ്കൂളുകൾക്ക് ഓണം സ്‌പെഷ്യൽ അരി കിട്ടിയില്ല; ജില്ലാ കളക്ടറുടെ ഇടപെടലിൽ സപ്ലൈകോ കനിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing സ്കൂളുകൾക്ക് ഓണം സ്‌പെഷ്യൽ അരി കിട്ടിയില്ല; ജില്ലാ കളക്ടറുടെ ഇടപെടലിൽ സപ്ലൈകോ കനിഞ്ഞു

കാസർകോട്: ഓണത്തിന് സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനുള്ള അരി വിദ്യാലയങ്ങളിൽ എത്തിക്കാത്ത സിവിൽ സപ്ലൈസ് അധികൃതരുടെ അനാസ്ഥയിൽ ജില്ലയിലെ അധ്യാപകർ വലഞ്ഞു. മാവേലിസ്റ്റോര്‍ , സപ്ലൈകോ എന്നിവിടങ്ങളിൽ ആവശ്യത്തിനുള്ള അരി എത്തിക്കുന്നതിൽ വന്ന അപാകതയാണ് വിതരണം പല സ്കൂളുകളിലും മുടങ്ങാനിടയായത്. എന്നാൽ ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ടതിനെ തുടർന്ന് കുറ്റിക്കോൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ അരിവിതരണം ചെയ്തു. ആദിവാസികളുൾപ്പെടെ പാവപ്പെട്ട നിരവധി കുടുംബങ്ങളുള്ള മാലോരത്തിന് അധികൃതരുടെ നടപടി ഏറെ ഗുണകരമായി.

ഓണം അവധിക്ക് സ്കൂളുകൾ അടയ്ക്കുന്നതിന് മുൻപേ കുട്ടികൾക്ക് അരിവിതരണം ചെയ്യാറുണ്ട്. വെള്ളിയാഴ്ച്ചയാണ് സ്കൂളുകൾ അടയ്ക്കാൻ നിർദ്ദേശം ഉണ്ടായിരുന്നത്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം വരെ സപ്ലൈകോ അധികൃതരെ ബന്ധപ്പെട്ടെങ്കിലും സ്റ്റോക്കില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതേതുടർന്ന് കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് അംഗം കെ.എൻ രാജൻ കെ.കുഞ്ഞിരാമൻ എം.എൽ.എ യെ അറിയിച്ചു. മലയോരത്തെ നിര്‍ദ്ധന കുടുംബങ്ങൾക്ക് അർഹതപ്പെട്ട ഓണത്തിനുള്ള അരി മുടങ്ങുന്നതിൻ്റെ ബുദ്ധിമുട്ടുകൾക്ക് എത്രയും വേഗം പരിഹാരം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് എം.എൽ.എ ജില്ലാ കളക്ടറെ വിവരം അറിയിക്കുകയായിരുന്നു.

ഇതേതുടർന്ന് കുറ്റിക്കോൽ സപ്ലൈകോ ഓഫിസിൽ ഇന്നലെ രാതി എട്ടുമണിയോടെ ജില്ലാ കളക്ടർ നേരിട്ടെത്തി മാനേജരിൽ നിന്നും വിശദീകരണം തേടിയപ്പോൾ അരി സ്റ്റോക്കില്ലാത്ത കാര്യം ബോധ്യപ്പെടുത്തി. തുടർന്ന് എറണാകുളത്തെ സപ്ലൈകോ എം.ഡി കെ.സതീഷ് കുമാർ ഐ.എ.എസ്സിനെ ബന്ധപ്പെടുകയും ഉടനടി പരിഹാരം കാണാൻ നിർദ്ദേശിക്കുകയുമായിരുന്നെന്ന് ജില്ലാ കളക്ടർ ചാനൽ ആർ.ബിയോട് പറഞ്ഞു. വെള്ളിയാഴ്ച്ച 120 കിന്റൽ അരി എത്തിയതോടെ കുറ്റിക്കോൽ പഞ്ചായത്തിലെ 12 ഓളം സ്കൂളുകൾക്ക് വിതരണം ചെയ്തുവെന്ന് സപ്ലൈകോ മാനേജർ പ്രദീപ് കുമാർ പറഞ്ഞു.

0Shares