
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം കേരളത്തില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയ കൂട്ടായ്മ കൊച്ചിയില്‍ നടത്തിയ ലോങ് മാര്‍ച്ചും ചരിത്രമായി. ഒരു സംഘടനയുടെയും പിന്‍ബലമില്ലാതെ സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ സമരമായി ലോങ്ങ് മാര്‍ച്ച് മാറി കഴിഞ്ഞു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ബസിലും ട്രയിനിലുമായി നിരവധി പേരാണ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയത്. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും കൊച്ചി ഷിപ്പിയര്‍ഡിലേക്ക് തിങ്കളാഴ്ച ഉച്ചക്കാണ് ലോങ് മാര്‍ച്ച് ആരംഭിച്ചിരുന്നത്.
മനുഷ്യ മനസ്സുകളെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം വേണ്ടന്ന് ഒറ്റക്കെട്ടായാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കിയത്. ലോങ് മാര്‍ച്ചില്‍ പങ്കെടുത്തവരെ നിരീക്ഷിക്കുന്നതിനായി കേന്ദ്ര ഐ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. മാര്‍ച്ചിന് പിന്നിലുള്ളവരുടെ വിവരങ്ങളും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘത്തെയും മാര്‍ച്ചിലുടനീളം വിന്യസിച്ചിരുന്നു. ആള്‍ക്കൂട്ടം പ്രത്യക്ഷ സമരമായി രൂപാന്തരപ്പെടുന്നതാണ് പോലീസിനിപ്പോള്‍ വലിയ തലവേദനയായി മാറിയിരിക്കുന്നത്.

ഏത് ഗ്രൂപ്പ് ആഹ്വാനം ചെയ്താലും വൈകാരികമായാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. അക്രമത്തിലേക്ക് കേരളത്തിലെ പ്രതിഷേധക്കാര്‍ പോകുന്നില്ലന്നത് മാത്രമാണ് സര്‍ക്കാറിനും ആശ്വാസമാകുന്നത്. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ വരെ കര്‍ഫ്യൂവും വെടിവയ്പ്പും ഉണ്ടായെങ്കിലും കേരളത്തില്‍ ഒരു അനിഷ്ട സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചില സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനെ പോലും ഫലപ്രദമായാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിട്ടിരുന്നത്.
കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് ഇവിടെ പ്രതിഷേധം നിയന്ത്രണ വിധേയമാകാന്‍ കാരണം. പാര്‍ലമെന്റ് പാസാക്കിയാലും ഈ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് സ്പീക്കറും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുള്ള അധികാരം ഫെഡറല്‍ സംവിധാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന്‍റെയും സര്‍ക്കാറിന്‍റെയും നിലപാട് കേരളത്തിലെ പ്രതിഷേധത്തിന്‍റെ തീവ്രതയെയാണ് കുറച്ചിരിക്കുന്നത്.
