സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ‘കളമൊഴിയേ കനിമലരേ’ ഗാനം; കാസര്‍കോട് സ്വദേശി അഖില്‍ രാജാണ് സംഗീത സംവിധായകന്‍; പാട്ടിന്‍റെ  പിറവിയെ കുറിച്ച് അഖില്‍രാജ്

  • Post category:news
  • Reading time:2 mins read
You are currently viewing സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ‘കളമൊഴിയേ കനിമലരേ’ ഗാനം; കാസര്‍കോട് സ്വദേശി അഖില്‍ രാജാണ് സംഗീത സംവിധായകന്‍; പാട്ടിന്‍റെ  പിറവിയെ കുറിച്ച് അഖില്‍രാജ്

കാഞ്ഞങ്ങാട്: കളമൊഴിയേ കനിമലരേ എന്ന ഗാനം ഇന്ന് സംഗീതാസ്വാദകരില്‍ വൈറലാവുകയാണ്. പാട്ടിനെ ഇഷ്ടപ്പെടുന്നവരുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്ന ഈ ഈരടികള്‍ പിറവിയെടുത്തത് അപ്രതീക്ഷിതമാണ്. പാട്ടെഴുത്തോ കവിതാലാപനത്തിലോ വലിയ വൈദഗ്ധ്യമൊന്നുമില്ലാത്ത സഹോദരങ്ങളുടെ കഥയാണിതിന് പിന്നില്‍. അനുജന്‍ നല്‍കിയ ഈണത്തിനൊപ്പിച്ച് ചേച്ചി വെറുതെ കുത്തിക്കുറിച്ച വരികള്‍ മാത്രമായിരുന്നു അത്. എന്നാല്‍ പാട്ട് പുറത്തിറങ്ങിയപ്പോള്‍ കഥ മാറുകയായിരുന്നു. മണിക്കൂറുകള്‍ കൊണ്ട് പാട്ട് വൈറലായി. ഫേസ്ബുക്കില്‍ രണ്ടരലക്ഷത്തോളം പേരാണ് നമസ്തേ ഇന്ത്യ എന്ന ചിത്രത്തിലെ കളമൊഴിയേ കനിമലരേ എന്ന ഗാനം കണ്ടത്. കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കര സ്വദേശികളായ അഖില്‍രാജും ഗ്രീഷ്മയുമാണ് ഈ പാട്ടിന്‍റെ  സൃഷ്ടാക്കള്‍. സിനോവ് രാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മൂന്നു ഗാനങ്ങള്‍ ഒരുക്കാനാണ് സംവിധായകന്‍ ആര്‍ അജയ് അഖില്‍ രാജിനോട് ആവശ്യപ്പെട്ടത്. പടത്തിന്റെ കഥ കേട്ടതോടെ സിറ്റുവേഷനും കേട്ടപ്പോള്‍ ചേച്ചിക്കൊപ്പമിരിന്നുവേണം ടൂണ്‍ ചെയ്യാനെന്നറിയിച്ചു. പാട്ടിന്‍റെ  ട്യൂണ്‍ ആദ്യമായി കേള്‍പ്പിച്ചപ്പോള്‍ അഖിലിന്‍റെ  ചേച്ചി അതിനൊപ്പിച്ച് വെറുതെ വരികളെഴുതി. ട്യൂണും വരികളും സംവിധായകനെ കേള്‍പ്പിപ്പിച്ചു. വരികള്‍ റഫ് ആയിട്ട് എഴുതിയതാണെന്നും ഇതു മറ്റാരേക്കൊണ്ടെങ്കിലും മാറ്റിയെഴുതിക്കാമെന്നും അഖില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അജയ്ക്ക് വരികള്‍ ഇഷ്ടമാവുകയും ഒരു പാട്ട് കൂടി എഴുതാന്‍ ചേച്ചിക്ക് അവസരം നല്‍കുകയയായിരുന്നുവെന്ന് അഖില്‍ പറയുന്നു.

https://www.youtube.com/watch?v=_qSWPGO-6sw

സംഗീതനൃത്താധ്യാപകനായിരുന്ന മുത്തച്ഛന്‍ ടി.കെ ഉപേന്ദ്രനാണ് അഖിലിന്‍റെ  ഗുരു. മുത്തച്ഛന്‍ പകര്‍ന്നുനല്‍കിയ കര്‍ണാടകസംഗീതപാഠങ്ങളാണ് ഈ 23 കാരന്റെ സംഗീതജീവിതത്തിന്റെ അടിസ്ഥാനം. കഴിവുണ്ടായിട്ടും എങ്ങുമെത്തിപ്പെടാന്‍ കഴിയാതെ പോയ മുത്തച്ഛന്‍റെ  ജീവിതം കണ്ടുവളര്‍ന്ന അഖിലിന് കലാരംഗത്ത് സ്വന്തമായൊരിടം കണ്ടെത്തണമെന്ന വാശി ചെറുപ്പം മുതലേയുണ്ടായിരുന്നു. കാസര്‍കോട് ഗവ.കോളജിലെ പഠനകാലത്ത് എലോണ്‍ എഗൈന്‍ എന്നൊരു ആല്‍ബം ചെയ്തപ്പോള്‍ അതിലെ ഒരു പാട്ടെഴുതിയത് ഗ്രീഷ്മയായിരുന്നു. പിന്നീട് സൗണ്ട് എന്‍ജിനിയറിങ് കോഴ്സ് പൂര്‍ത്തിയാക്കി കൊച്ചിയില്‍ ഒരു റിക്കാര്‍ഡിങ് സ്റ്റുഡിയോയില്‍ ജോലിചെയ്തുവരികയാണ്. 27 കാരിയായ ഗ്രീഷ്മ കണ്ണൂര്‍ സ്വദേശി ശ്യാം ജെറിലിന്‍റെ  ഭാര്യയാണ്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായ ടി കെ രാജശേഖരന്‍-അങ്കണവാടി ടീച്ചര്‍ ഗായത്രിദേവി ദമ്പതികളുടെ മക്കളാണ് ഇരുവരും. അഖില്‍ ഹിന്ദിയില്‍ ഒരു മ്യൂസിക് ആല്‍ബം ചെയ്തിരുന്നെങ്കിലും റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിന്‍റെ  പിന്നണിയില്‍ പ്രവര്‍ത്തിച്ച സുഹൃത്ത് അനൂപ് വഴിയാണ് നമസ്തേ ഇന്ത്യയിലേയ്ക്ക് അവസരം ലഭിക്കുന്നത്. ഇന്ത്യ കാണാന്‍ വരുന്ന ഇവ ഡി ലൂയിസ് എന്ന വെനസ്വേലക്കാരിയും രാഹുല്‍ എന്ന മലയാളി യുവാവും ആഗ്രയില്‍ വച്ച് കണ്ടുമുട്ടുന്നതും ഇവര്‍ ഒരുമിച്ച് താജ്മഹല്‍, ജയ്പൂര്‍, ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്നതുമാണ് ഗാനത്തില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത്. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിയും പത്രപ്രവര്‍ത്തകനുമായ വി.വി പ്രഭാകരന്‍റെ  മകനും പുതുമുഖവുമായ
വിഷ്ണു നമ്പ്യാരും ഹോളിവുഡ് താരം എലേനയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍.

 

0Shares