കൊല്ലം: പള്ളി സെമിത്തേരിയില്‍ അടക്കംചെയ്തിരുന്ന വയോധികയുടെ മൃതദേഹം അപ്രത്യക്ഷമായി. ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീടുണ്ടായ അന്വേഷണത്തില്‍ പുറത്തുവന്നത്. അന്വേഷണത്തെ തുടര്‍ന്ന് മകനെ പോലീസ് അറസ്റ്റ് ചെയ്തു.
54 ദിവസങ്ങള്‍ക്കു മുമ്പാണ് പത്തനാപുരം നടുത്തേരി ബേക്കച്ചാല്‍ മുകളുവിള വീട്ടില്‍ കുഞ്ഞേലി കുഞ്ഞപ്പി (88) യാണ് മരണപ്പെട്ടത്.മൃതദേഹം തലവൂര്‍ ഓര്‍ത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിലാണ് സംസ്‌കരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ഥനയ്ക്കെത്തിയവരാണ് കല്ലറ തകര്‍ന്നു ശവപ്പെട്ടി പുറത്തുകിടക്കുന്ന കാഴ്ച്ച കണ്ടത്. ഇതിനെ തുടര്‍ന്നു കല്ലറയില്‍ ഉണ്ടായിരുന്ന മ്യതദേഹത്തിനായി നടത്തിയ തിരച്ചിലില്‍ മൃതദേഹം കാണാതായതായി കണ്ടെത്തുകയായിരുന്നു. പിന്നീട് അധികൃതര്‍ പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.പോലീസിനെ കൂടാതെ നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ കുഞ്ഞേലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടുംബ വീടിനോടു ചേര്‍ന്നുള്ള റബര്‍ പുരയിടത്തില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണാന്‍ സാധിച്ചത്

സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞേലിയുടെ മകന്‍ തങ്കച്ചനെ (55) പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കു മാനസിക വൈകല്യമുള്ളതായി പോലീസ് പറഞ്ഞു.കല്ലറ തകര്‍ന്നതു കണ്ട് അന്വേഷിച്ച് എത്തിയവരോട് ഇയാള്‍ അമ്മ മരിച്ചിട്ടില്ലെന്നും പറമ്പിലുണ്ടെന്നുമായിരുന്നു മറുപടി പറഞ്ഞത്. ഇയാള്‍ തന്നെയാണ് ചാക്കില്‍ കെട്ടിയ മൃതദേഹം പോലീസിനും നാട്ടുകാര്‍ക്കും കാണിച്ചു കൊടുത്തത്.
ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയ ശരീരാവശിഷ്ടങ്ങള്‍ വീണ്ടും സെമിത്തേരിയില്‍ അടക്കം ചെയ്തു. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പള്ളിക്കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തങ്കച്ചനെ അറസ്റ്റ് ചെയ്തത്.